തൊടുപുഴ: വേനൽ എത്തുന്നതോടെ ജില്ലയിലെ പല പഞ്ചായത്തുകളും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിൽ. കുമളി, പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം, വണ്ടന്മേട്, വണ്ടിപ്പെരിയാർ, ബൈസൺവാലി, കൊന്നത്തടി, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി, മുട്ടം, നെടുങ്കണ്ടം ബ്ലോക്ക്, അയ്യപ്പൻകോവിൽ എന്നിവയാണ് കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകൾ. വെള്ളത്തിന്റെ സമൃദ്ധിക്ക് നടുവിലും ഈ പഞ്ചായത്തുകളിലെല്ലാം ജലം കമ്മിയാണെന്നാണ് അടുത്തിടെ തയറാക്കിയ ജല ബജറ്റിൽനിന്ന് വ്യക്തമാക്കുന്നത്. മഴയുടെ ലഭ്യത കണക്കാക്കിയാല്‍ എല്ലായിടത്തും ജലം മിച്ചമാണ്. എന്നാല്‍, ജലം ഉപയോഗത്തിന് ആവശ്യത്തിനില്ലാത്ത സ്ഥിതിയും ഈ പഞ്ചായത്തുകളിലുണ്ട്.
ഭൂജല സമ്പത്തിന്റെ കാര്യത്തിൽ നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകൾ ഭാഗിക ഗുരുതര വിഭാഗത്തിലാണ്. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ജില്ലയിൽ രണ്ട് ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ വിഭാഗത്തിൽ കണ്ടെത്തിയത്. ജല ലഭ്യതയുടെയും ഭൂജല ഉപഭോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ബ്ലോക്കുകളെ സുരക്ഷിതം, സെമി ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, അമിത ചൂഷണവിഭാഗം എന്നിങ്ങനെ തിരിക്കുന്നത്.
ജില്ലയിൽ അമിത ചൂഷണ ഗുരുതര ബ്ലോക്കുകൾ ഇല്ല. ചെങ്കുത്തായ മലനിരകൾ നിറഞ്ഞ ഭൂപ്രകൃതി ആഗോള താപനത്തിനിടയാക്കുന്ന പ്രവർത്തനങ്ങൾ, വനനശീകരണം, യൂക്കാലിപ്സ്റ്റ് മരങ്ങളുടെ വ്യാപനം, അനധികൃതവും അശാസ്ത്രീയവുമായ കുഴൽക്കിണറുകളുടെ നിർമാണം തുടങ്ങിയവ ജലക്ഷാമം രൂക്ഷമാക്കുന്ന ഘടകങ്ങളാണ്. തുറന്ന കിണർ/ റീചാർജ് പിറ്റ്, കുഴൽക്കിണർ, തടയണകൾ, അനുയോജ്യമായ പ്രദേശങ്ങളിൽ ചെറിയ തടയണകളുടെ നിർമാണം വഴിയുള്ള ഭൂജല പരിപോഷണം എന്നിവയിലൂടെ വരൾച്ചയെ പ്രതിരോധിക്കാനുള്ള നടപടികൾ ഭൂജല വകുപ്പ് ആവിഷ്കരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.