തൊടുപുഴ: ജില്ലയിൽ വൈറൽ പനി പടരുന്നു. ഈ മാസം എട്ടുദിവസത്തിനിടെ 2138 പേരാണ് പനിബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച മാത്രം 324പേർ ആശുപത്രികളിലെത്തി. കഴിഞ്ഞമാസം 6500 പേരാണ് പനിബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പനി ബാധിതരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുതൽ ഉണ്ടാകാമെന്നും എന്നാൽ, ഭൂരിഭാഗം പേരും പരിശോധന നടത്താൻ തയാറാകാത്തത് ഇവരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസ്സമാകുന്നതായും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥയിലെ മാറ്റമാണ് വൈറൽപനി ബാധിതരുടെ എണ്ണം കൂടാൻ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. പകർച്ചപ്പനിക്കൊപ്പം ആശങ്കയുയർത്തി ചിക്കൻപോക്സും എലിപ്പനിയും വർധിക്കുന്നുണ്ട്. എട്ടുദിവസത്തിനിടെ 11പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്. നാലുപേർ വീതം എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ ഒരാൾ നെടുങ്കണ്ടത്ത് ചികിത്സ തേടിയിട്ടുണ്ട്. മൂന്നുപേർക്ക് തക്കാളിപ്പനിയും സ്ഥിരീകരിച്ചു. തട്ടക്കുഴയിൽ ചെള്ളുപനിയുടെ ലക്ഷണങ്ങളുമായി ഒരാൾ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.