തൊടുപുഴ: ആനയാടി കുത്തിൽ വീണ നവരത്ന മോതിരം വീണ്ടെടുത്ത് നൽകി അഗ്നിരക്ഷ സേന. നോർത്ത് പറവൂരിൽ നിന്നും വിനോദയാത്രക്കായി എത്തിയ സംഘത്തിലെ ഒരാൾക്ക് നഷ്ടപ്പെട്ട മോതിരമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സ്കൂബ ടീം കണ്ടെത്തി ഉടമസ്ഥനെ ഏൽപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 50 അംഗങ്ങളടങ്ങിയ വിനോദസഞ്ചാരികളുടെ സംഘം നോർത്ത് പറവൂരിൽ നിന്നും തൊടുപുഴക്ക് സമീപമുള്ള പ്രകൃതിരമണീയമായ ആനയാടി കുത്തിൽ എത്തിയത്. ഇവിടെ വെള്ളത്തിൽ ഇറങ്ങി നിന്ന സമയത്താണ് ഒരാളുടെ വിലപിടിപ്പുള്ള നവരത്‌ന മോതിരം നഷ്ടമായത്. മോതിരം വെള്ളത്തിൽ പോയത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇദ്ദേഹം പരിഭ്രാന്തനാകുകയും സംഘാംഗങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വിവരം ബുധനാഴ്ച തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ടി. എച്ച്. സാദിഖിന്റെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ നേതൃത്വം നൽകുന്ന ഒരു സംഘം ഉടൻ തന്നെ ആനയടി കുത്തിലേക്ക് തിരിച്ചു. മോതിരം നഷ്ടപ്പെട്ട സ്ഥലം മനസ്സിലാക്കിയ ശേഷം ടീം അംഗങ്ങൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. പാറക്കെട്ടുകൾ നിറഞ്ഞതും ഒഴുക്കുള്ളതുമായ ഭാഗത്ത് നടത്തിയ കഠിന പരിശ്രമത്തിനൊടുവിൽ നവരത്‌ന മോതിരം കണ്ടെടുക്കുകയായിരുന്നു.
കണ്ടെത്തിയ മോതിരം അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു. വിലയേറിയ മോതിരം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ വിനോദസഞ്ചാരികളുടെ സംഘം അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഫയർ ഓഫീസർമാരായ പി എൻ അനൂപ്, ടീ കെ വിവേക്, കെ എസ് അബ്ദുൽ നാസർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.