തെക്കുംഭാഗം-അഞ്ചിരി റോഡിൽ ടൈല്‍ വിരിച്ച ഭാഗത്ത്
വെള്ളം കെട്ടിക്കിടക്കുന്നു
തൊടുപുഴ: തകര്‍ന്നുകിടക്കുന്ന തെക്കുംഭാഗം-അഞ്ചിരി റോഡിലെ ഇടക്കിടക്കുള്ള ടൈൽ വിരിക്കൽ നാട്ടുകാര്‍ക്ക് ദുരിതം വിതക്കുന്നു. രണ്ടുവര്‍ഷത്തിനിടെ രണ്ടുമാസം കൂടുമ്പോള്‍ ഏതാനും മീറ്റര്‍ ദൂരത്തില്‍ ടൈല്‍ വിരിക്കുകയാണെന്നാണ് ആക്ഷേപം. വീണ്ടും ഏതാനും മാസം കഴിയുമ്പോള്‍ കുറേ മീറ്റര്‍ ടൈല്‍ വിരിക്കും.
ഇതിന്റെ പേരില്‍ ഇതുവഴിയുള്ള ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. ഇപ്പോള്‍ കുട്ടപ്പന് കവലക്ക് സമീപം ടൈല്‍ പാകലിന്റെ പേരില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതോടെ സ്കൂള്‍ ബസുകളുടെയും സര്‍വിസ് ബസുകളുടെയും യാത്ര നിലക്കുന്ന അവസ്ഥയായി.
സ്കൂളുകളില്‍ പോകുന്ന കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. ഇപ്പോള്‍ കുട്ടികളെ ബസില്‍ കയറ്റാൻ രക്ഷിതാക്കള്‍ മൂന്നും നാലും കിലോമീറ്റര്‍ വരെ മറ്റ് വാഹനങ്ങളില്‍ പോകണം. കഴിഞ്ഞയാഴ്ച ടൈല്‍ വിരിക്കല്‍ ആരംഭിച്ച ഘട്ടത്തില്‍ രക്ഷിതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് സ്കൂള്‍ ബസുകള്‍ മാത്രം കടന്നുപോകാന്‍ അവസരം നല്‍കിയിരുന്നു.
എന്നാല്‍, ഇന്നലെ മുതല്‍ ഇതുവഴി വാഹന ഗതാഗതം പൂര്‍ണമായും തടഞ്ഞു. ഇതിനിടെ അഞ്ചുമാസം മുമ്പ് ടൈല്‍ വിരിച്ച ഒരുഭാഗം കുഴിയായി വെള്ളം കെട്ടിക്കിടക്കുകയാണ്. അഞ്ചിരി ട്രാന്‍സ്ഫോർമറിന് സമീപമാണ് റോഡിന്റെ ഒരുഭാഗത്ത് ടൈല്‍ കുഴിയായി വെള്ളക്കെട്ടായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.