തൊടുപുഴ: ആലപ്പുഴ -മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറം മുണ്ടന്മുടിക്ക് സമീപം നാൽപതേക്കർ എസ്. വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ചെറിയ ബസ് നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി കുട്ടി ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ ഡ്രൈവർ രാജേഷിനെയും സംഘത്തിലുണ്ടായിരുന്ന ഗോകുലിനെയും തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
മറ്റുള്ളവർക്ക് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകി വിട്ടയച്ചു.
ശനിയാഴ്ച വൈകീട്ട് 3.30നാണ് അപകടം. കായംകുളത്തുനിന്നുള്ള സംഘം മൂന്നാറിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം. റോഡിൽനിന്ന് തെന്നിമാറിയ ബസ് ഒരുവശം ചെരിഞ്ഞെങ്കിലും മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേരുണ്ടായിരുന്നു. ഇവരിൽ പത്ത് പേർ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. ഡ്രൈവർക്ക് റോഡിനെപ്പറ്റിയുള്ള പരിചയക്കുറവാണ് അപകടകാരണമെന്ന് കരുതുന്നു. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ കാളിയാർ എസ്.ഐ മാരായ സാബു കെ. പീറ്റർ, അജിംസ്, എ.എസ്.ഐ ഷംസ്, സി.പി.ഒമാരായ ബിജു, സിജിന എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.