വണ്ടിപ്പെരിയാറിനു സമീപം റോഡിൽ മറിഞ്ഞ കാർ
തൊടുപുഴ: ജില്ലയിൽ വാഹനാപകട മരണ നിരക്ക് കൂടുന്നു. പത്ത് മാസത്തിനിടെ ജില്ലയിലെ നിരത്തുകളിൽ അപകടങ്ങളിൽ മാത്രം ഇല്ലാതായത് 81 ജീവനാണ്. ജനുവരി ഒന്നു മുതൽ ഒക്ടോബർ 30 വരെയുള്ള സമയങ്ങളിൽ 1033 അപകടങ്ങൾ ഉണ്ടായി.
അപകടങ്ങളിൽ 1507 പേർക്ക് പരിക്കേറ്റു. ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത അപകട സാധ്യത കൂട്ടുന്നതായാണ് കണ്ടെത്തൽ. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. റോഡുകള്‍ക്ക് ആവശ്യമായ വീതിയോ വശങ്ങളില് സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളില്‍പ്പോലും വേണ്ടത്ര അപകടസൂചനാ ബോര്‍ഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടില്ല.
പനംകൂട്ടി പാമ്പള കവലക്ക് സമീപം അപകടത്തിൽപെട്ട വാഹനം
തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗതയും അശ്രദ്ധയും തകർന്ന റോഡുകളും അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ ജില്ലയിൽ 161 അപകട സാധ്യത മേഖലകളാണ് കണ്ടെത്തിയത്.
2018 മുതൽ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും അപകടങ്ങളുടെ എണ്ണം കണക്കിലെടുത്തുമാണ് മാപ്പിങ്ങിലൂടെ മേഖലകൾ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചത്. പ്രതിമാസം ശരാശരി 50ഓളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളുടെ കാര്യത്തിൽ മുമ്പന്തിയിലെന്ന് പൊലീസ് പറയുന്നു. വാഹനമോടിക്കുന്നവരും യാത്രക്കാരും കാൽനടയാത്രക്കാരും റോഡപകടങ്ങളിൽ മരണപ്പെടുന്നുണ്ട്. വാഹനമോടിക്കുന്നവരിൽ പലർക്കും ശരിയായ ഡ്രൈവിങ് രീതികളെപ്പറ്റി അവബോധമില്ലെന്ന് അധികൃതർ പറയുന്നു.
റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കാൻ ഡ്രൈവർമാരിൽ പലരും തയാറാകുന്നില്ല. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്കു വഴിതെളിക്കുന്നുണ്ട്. അപകടസാധ്യതയേറിയ മേഖലകളിൽപ്പോലും വേണ്ടത്ര അപകടസൂചനാ ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല.
തൊടുപുഴ: നാല് റോഡുകള്‍ സംഗമിക്കുന്ന തൊടുപുഴ ന്യൂമാന്‍ കോളജ് ജങ്ഷൻ അപകട മേഖലയായി മാറുന്നു. അടുത്തിടെ കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപാസ് റോഡ് ആറ് കോടിയോളം മുടക്കി നവീകരിച്ചതോടെയാണ് ഇതുവഴി വാഹനങ്ങളുടെ തിരക്കും അപകടവും വര്‍ധിച്ചത്.
ബോയ്സ് ഹൈസ്കൂളിന് മുന്നിൽ നിന്ന് കാരിക്കോടിനുള്ള പഴയ റോഡും കാഞ്ഞിരമറ്റം - മങ്ങാട്ടുകവല ബൈപാസും ഒരുമിക്കുന്ന ഭാഗത്താണ് സ്ഥിരം അപകടമുണ്ടാകുന്നത്. ഫുട്പാത്തും കൈവരിയും നിര്‍മിച്ച് ബൈപാസ് റോഡ് മനോഹരമായി നവീകരിച്ചെങ്കിലും ജംഗ്ഷനില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗ നിയന്ത്രണ സംവിധാനമോ ഇല്ലാത്തതാണ് അപകടം വര്‍ധിക്കാന്‍ പ്രധാന കാരണം.
ബോയ്സ് സ്കൂള്‍ ഭാഗത്തു നിന്ന് കാരിക്കോടിനുള്ള റോഡിലൂടെ ഭാര വാഹനങ്ങള്‍ക്ക് നിരോധമുണ്ട്. എന്നാല്‍ ഈ റോഡില്‍ കൂടി അമിത ലോഡ് കയറ്റിയ ടോറസുള്പ്പെടെ വലിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.
നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ ബൈപാസിലേക്ക് കയറുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്. വേഗ നിയന്ത്രണ സംവിധാനങ്ങളുമില്ല. തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം.
തൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കാലപ്പഴക്കത്താൽ അടിക്കടി തകരാറിലാകുന്നത് പ്രദേശത്ത് അപകടങ്ങൾക്കിടയാക്കുന്നു. രാവിലെയും വൈകുന്നേരവും വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. സിഗ്നൽ പ്രവർത്തിക്കാതാകുന്നത് കുരുക്കിനും അപകടങ്ങൾക്കുമിടയാക്കും.
പലപ്പോഴും ഡ്രൈവർമാരുടെ ഇടപെടൽ കൊണ്ടും മനസ്സാന്നിധ്യം കൊണ്ടുമാണ് അപകടങ്ങൾ ഒഴിഞ്ഞുപോകുന്നത്. സിഗ്നലുകൾ തകരാറിലായാൽ പിന്നെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ പുലിവാല് പിടിക്കുന്ന സാഹചര്യമാണ്. വാഹനം നിയന്ത്രിക്കുന്നതടക്കം വലിയ പ്രയാസമാണ്. പൊതുമരാമത്തിനാണ്ചുമതല. അടിയന്തരമായി അധികൃതർ ഇടപെട്ട് സിഗ്നൽ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
തൊടുപുഴ: റോഡപകടങ്ങൾ കുറക്കാൻ വഴിക്കണ്ണുമായി കാവലൊരുക്കി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഇടറോഡുകളും മെയിൻ റോഡുമായി ചേരുന്ന ജങ്ഷനുകളിലും അപകട വളവുകളിലും കോൺവെക്സ് മിററുകൾ സ്ഥാപിച്ച് ഡ്രൈവർമാർക്ക് മികച്ച റോഡ് കാഴ്ച പ്രദാനം ചെയ്യുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ പത്ത് കേന്ദ്രങ്ങളിലാണ് വഴിക്കണ്ണ് സ്ഥാപിച്ചത്.
ഉടുമ്പന്നൂർ ന്യൂ സിറ്റിയിൽ സ്ഥാപിച്ച കോൺവെക്സ് മിറർ
ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. ഉടുമ്പന്നൂർ ന്യൂ സിറ്റിയിൽ സ്ഥാപിച്ച മിറർ അനാഛാദനം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം, വാർഡംഗം ശ്രീമോൾ ഷിജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.