തൊടുപുഴ: വേനൽച്ചൂട് കടുത്തതോടെ മലയോര മേഖലയിലെ കന്നുകാലി കർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനൽ ഈ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ മുഴുവൻ കരിഞ്ഞു. ജലാശയങ്ങൾ വറ്റിയതോടെ വെള്ളത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി.
ശക്തമായ വേനലിൽ മലയോര മേഖലയിലെ കൃഷി ഇടങ്ങളിലുള്ള പച്ചപ്പുല്ല് കരിഞ്ഞുണങ്ങി. ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചുകൊണ്ടിരുന്നതിനെക്കാൾ വയ്ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വർധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 300 രൂപ വരെ വിലയുയർന്നിരുന്നു. എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. നിലവിൽ സൊസൈറ്റികളിൽ പരമാവധി 49 രൂപ വരെയാണ് ഒരു ലിറ്റർ പാലിന് ലഭിക്കുന്നത്. ഇൻസെന്റീവായി എട്ട് രൂപയും ലഭിക്കും. സഹകരണ സംഘത്തിൽ എത്തിക്കുന്ന പാലിന് അതിന്റെ കൊഴുപ്പിന്റെ അടിസ്ഥാനത്തിലാണ് വില നൽകുന്നത്. ചൂട് കൂടുമ്പോൾ പലപ്പോഴും പാലിന്റെ കൊഴുപ്പ് കുറയും. അങ്ങനെയായാൽ കർഷകർക്ക് കിട്ടുന്ന പാലിന്റെ വിലയും കുറയും. ഇതോടെ ഉത്പാദന ചെലവ് പോലും കിട്ടാതാകും. വേനൽകാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വില നൽകി പാൽ ശേഖരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.