ചൂട് കനക്കുന്നു; ക്ഷീരമേഖല പ്രതിസന്ധിയിൽ

തൊടുപുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ചൂട് കൂടുന്നതോടെ പൊതുവെ പാലുല്‍പാദനത്തിലടക്കം വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. പച്ചപ്പുല്ലിന്റെ ക്ഷാമം, വെള്ളത്തിന്‍റെ ലഭ്യതക്കുറവ് എന്നിവയെല്ലാം പാല്‍ ഉല്‍പാദനത്തെ ബാധിക്കുകയാണ്. കൂടാതെ കൂടിയ താപനിലയും വരണ്ട കാലവസ്ഥയും സങ്കരയിനം കന്നുകാലികളിലും പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ജില്ലയിലെ ക്ഷീരകർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

വേനൽകാലത്ത് തീറ്റയിൽ പെട്ടന്നുള്ള വ്യതിയാനം വരാതെ ശ്രദ്ധിക്കണമെന്നും അത്യാവശ്യമെങ്കിൽ പടിപടിയായി മാത്രം തീറ്റയിൽ മാറ്റംവരുത്തണമെന്നും മൃഗ സംരക്ഷണ വകുപ്പ് പറയുന്നു. വേനൽക്കാല ഭക്ഷണത്തിൽ ഊർജദായകമായ കൊഴുപ്പിന്‍റെയും മാംസ്യത്തിന്‍റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ ഉൾപ്പെടുത്തണം, പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞുമുറിച്ച ഓല എന്നിവ നൽകുക, ധാതുലവണങ്ങളും വിറ്റാമിന് മിശ്രിതവും നൽകുക, ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കുക, വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്, നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തുക, കുടിവെള്ളം യഥേഷ്ടം നൽകുക, അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക, തൊഴുത്തിലെ ചൂട് കുറക്കാൻ മിസ്റ്റ് സ്പ്രേ, ചുമരിലുറപ്പിക്കുന്ന ഫാൻ (വാൾ ഫാൻ മുതലായവ ഉപയോഗിക്കാം.

തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണമെന്നും മൃഗ സംരക്ഷണ വകുപ്പ് അധികൃതർ നിർദേശം നൽകുന്നു. പന്നികൾ, കോഴികൾ, ആടുകൾ എന്നിങ്ങനെ മറ്റെല്ലാ മൃഗങ്ങൾക്കും വേനൽക്കാല പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തെരുവു മൃഗങ്ങൾക്കും പക്ഷികൾക്കും കുടിക്കാനുള്ള വെള്ളം ഒരുക്കണമെന്ന നല്ല മനസ്സ് ഉണ്ടാവണമെന്നും അധികൃതർ നിർദേശം നൽകുന്നു.

വിളകൾ കരിഞ്ഞുണങ്ങുന്നു; കർഷകർക്ക് തിരിച്ചടി

അടിമാലി: വേനല്‍ കടുത്തതോടെ ഇടുക്കിയില്‍ കാർഷിക വിളകൾ കരിഞ്ഞുണങ്ങി തുടങ്ങി. ഏലം കൃഷിയാണ് കൂടുതലായി നശിക്കുന്നത്. വിലയിടിവില്‍ നട്ടം തിരിഞ്ഞ കര്‍ഷകര്‍ക്ക് പെട്ടന്നുണ്ടായ ഈ കൃഷിനാശം ഇരുട്ടടിയായി. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട്, പാമ്പാടുംപാറ, രാജകുമാരി, ശാന്തന്‍പാറ, ബൈസണ്‍വാലി മേഖലകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. രണ്ട് ആഴ്ചയായി ജില്ലയിലെ ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസാണ്.

ചൂട് മൂലം ഏറ്റവും കൂടുതൽ ഏലം കൃഷി നശിച്ചത് ഉടുമ്പൻചോല താലൂക്കിലാണ്. ബാങ്ക് വായ്പ് എടുത്തും പലിശക്ക് വാങ്ങിയും കൃഷിക്കായി ലക്ഷങ്ങള്‍ മുടക്കിയ കര്‍ഷകരുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലായി. ചെറുകിടക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ ഈ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. പത്ത് ചുവട് ചെടിയെങ്കിലും ഇല്ലാത്ത വീട് മലയോര മേഖലയില്‍ ഇല്ലെന്നുതന്നെ പറയാം. പുഴകളും തോടുകളും കുളങ്ങളും വറ്റിയതോടെ ക്യഷി നനക്കുന്നതിന് വെള്ളമില്ല. പതിനായിരങ്ങള്‍ മുടക്കി സ്ഥാപിച്ചിരിക്കുന്ന ഡ്രിപ് ഇറിഗേഷന്‍ ജലസേചന സംവിധാനങ്ങള്‍ പോലും പാഴായി കിടക്കുന്നു.

കുരുമുളക്, കാപ്പി, വാഴ കൃഷികളുടെയും സ്ഥിതി വ്യത്യസ്തമല്ല. കുരുമുളക് ചെടികളും ഉണങ്ങിത്തുടങ്ങി. ചൂട് കൂടിയതോടെ കൃഷിയിടങ്ങളില്‍ വെള്ളം വറ്റിക്കഴിഞ്ഞു. കൃഷിയിലുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാറും കാര്‍ഡമം ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകർ ആവശ്യപ്പെട്ടു.

Tags:    
News Summary - summer heat is intense; Dairy sector in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.