തൊടുപുഴ: വിനോദസഞ്ചാര മേഖലകളിലടക്കം തെരുവുനായ്ക്കൾ ജനങ്ങളെ ഭീതിയിലാഴ്ത്തുമ്പോൾ പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തികളാകുന്നു. വ്യാഴാഴ്ച രാവിലെ ദേവികുളം സ്കൂളിലെ ആറ് വിദ്യാർഥികൾക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതോടെ തെരുവുനായ്ക്കൾ വീണ്ടും മേഖലയിൽ ഭീതിവിതക്കുകയാണ്. നായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും ജില്ല ആസ്ഥാനത്തെ എ.ബി.സി സെന്ററിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. അനിമൽ റെസ്ക്യൂ ടീമിന്റെ സേവനം മാത്രമാണ് നിലവിൽ ജില്ലയിലുള്ളത്.
ജില്ലയിൽ ഏഴായിരത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ദേവികുളം താലൂക്കിൽ മൂന്നാർ, ബൈസൺവാലി, പള്ളിവാസൽ, മറയൂർ, വട്ടവട എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇവയുടെ എണ്ണം വർധിച്ചു വരുകയാണ്. ജില്ലയിൽ മൂന്നാറടക്കമുള്ള പ്രദേശങ്ങളിൽ ശല്യം അതിരൂക്ഷമാണ്. കുയിലിമലയിലെ അരയേക്കർ സ്ഥലത്ത് നിർമാണം തുടങ്ങിയ എ.ബി.സി സെന്റർ ഉടൻ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ ജില്ലയിലെ തെരുവുനായ് നിയന്ത്രണം വീണ്ടും അവതാളത്തിലാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രണ്ടുമാസം മുമ്പ് വണ്ടിപ്പെരിയാറില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കുനേരെ നായുടെ ആക്രമണം ഉണ്ടായിരുന്നു.
വണ്ടിപ്പെരിയാര്‍ ജങ്ഷൻ സമീപം കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയെയും മിനി സ്റ്റേഡിയത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന മറ്റൊരു കുട്ടിയെയുമാണ് തെരുവുനായ് ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടികൾക്ക് മാരകമായി പരിക്കേറ്റിരുന്നു. ടൗണുകൾ കേന്ദ്രീകരിച്ചാണ് നായ്ക്കൾ അലഞ്ഞു നടക്കുന്നത്. പ്രഭാത നടത്തത്തിനിറങ്ങുന്നവര്‍ക്കും പുലര്‍ച്ച ജോലിക്കു പോകുന്നവര്‍ക്കുമെല്ലാം ഇവ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സ്കൂൾ തുറന്നതോടെ കുട്ടികളും ഭീതിയിലാണ്. ഇവയുടെ വംശവര്‍ധന തടയാനാവശ്യമായ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.