തൊടുപുഴ: ജില്ലയില്‍ കുട്ടികള്‍ ഉള്‍പ്പെടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നു. ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം കൂടുമ്പോഴും എ.ബി.സി സെന്ററിന്റെയടക്കം നിർമാണം വൈകുകയാണ്. നൂറുകണക്കിനു നായ്ക്കളാണ് ജില്ലയിൽ ഗ്രാമ നഗര ഭേദമന്യേ നഗരത്തിന്റെ മുക്കിലും മൂലയിലും ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറില്‍ രണ്ടുകുട്ടികള്‍ക്ക് തെരുവുനായുടെ കടിയേറ്റു. അരണക്കല്‍ എസ്റ്റേറ്റ് വള്ളക്കടവ് കൊക്കക്കാട് ലയത്തില്‍ സുരേഷിന്റെ മകന് കപിനേഷ് (5), ശശികുമാറിന്റെ മകള്‍ വര്‍ഷിണി (5) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് തെരുവുനായ് ഓടിയെത്തി കടിച്ചത്. പീരുമേട്ടിലും സമാന രീതിയിൽആക്രമണമുണ്ടായി.
വ്യാഴാഴ്ച മാത്രം ജില്ലയില്‍ വിവിധയിടത്തായി 26 പേര്‍ക്കാണ് കടിയേറ്റത്. ഈ ആഴ്ചയില്‍ 92 പേരെ നായ്ക്കള്‍ ആക്രമിച്ച് പരിക്കേല്പിച്ചതായാണ് കണക്ക്. ഈ മാസം ഇതുവരെ 445 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. ഈ വര്‍ഷം നാലു മാസം പൂര്‍ത്തിയാകാറായപ്പോള്‍ മാത്രം സര്‍ക്കാര്‍ കണക്കുപ്രകാരം കടിയേറ്റ് ചികിത്സ തേടിയത് 2328 പേരാണ്. നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ഇത്രയും ഭീതിജനകമായി വര്‍ധിച്ചിട്ടും ഇവയുടെ നിയന്ത്രണത്തില്‍ അധികൃതര്‍ കാട്ടുന്ന മെല്ലെപ്പോക്കാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
എ.ബി.സി സെന്റര്‍ ഇല്ലാത്ത ജില്ല; പ്രഖ്യാപനം എങ്ങുമെത്തിയില്ല
എ.ബി.സി സെന്റര്‍ ഇല്ലാത്ത ജില്ലയായ ഇടുക്കിയില്‍ സെന്റര്‍ നിര്‍മിക്കാനുള്ള നടപടി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും പ്രാരംഭഘട്ടംപോലും പിന്നിട്ടിട്ടില്ല. കുയിലിമലയില്‍ ജില്ല പഞ്ചായത്ത് വിട്ടുനല്‍കിയ അരയേക്കര്‍ സ്ഥലത്താണ് എ.ബി.സി സെന്റര്‍ നിര്‍മിക്കുന്നത്. ഇതിനായി മൂന്നരക്കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ല പഞ്ചായത്തിന്റെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും 52 പഞ്ചായത്തുകളുടെയും ഫണ്ടാണ് പദ്ധതിക്ക് നീക്കിവെച്ചത്. പദ്ധതിയുടെ ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിച്ചതായാണ് ജില്ല പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
നേരത്തേ രണ്ട് ബ്ലോക്കുകളുടെ പരിധിയില്‍ ഒരു സെന്റര്‍ വീതം നാല് കേന്ദ്രങ്ങള്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് തുടങ്ങാനായില്ല. പിന്നീടാണ് ജില്ല ആസ്ഥാനത്ത് ജനവാസമേഖലയില്‍നിന്ന് മാറി സെന്റര്‍ തുടങ്ങാന്‍ ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. കുയിലിമല-മൈക്രോവേവ് റോഡിനു സമീപമാണ് സെന്റര്‍ നിര്‍മിക്കുന്നത്. ഇവിടെ ശിലാസ്ഥാപനം നടത്തി നിര്‍മാണത്തിന് തുടക്കമിടുകയും ചെയ്തു. ഇതിനിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതമായ തുക ലഭ്യമാകാത്തതും പദ്ധതിക്ക് തടസ്സമായിരുന്നു. ജില്ല പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് ഇപ്പോഴുള്ള നിര്‍മാണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.