എൻ.സി.സി അഡീ.ഡയറക്ടർ ജനറൽ രമേശ് ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘം സത്രം എയർ സ്ട്രിപ് സന്ദർശിച്ചപ്പോൾ
തൊടുപുഴ: ഇടുക്കിയുടെ വികസനസ്വപ്നങ്ങൾക്ക് പുതിയ ചിറകുകളുമായി സത്രം എയർസ്ട്രിപ് യാഥാർഥ്യത്തിലേക്ക്. പദ്ധതിക്ക് തടസ്സമായി നിന്ന വനം വകുപ്പിന്റെ എതിർപ്പ് മറികടക്കാൻ തർക്കഭൂമി സവിശേഷ അധികാരം ഉപയോഗിച്ച് ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഒടുവിലത്തെ കടമ്പയും കടന്ന് പദ്ധതി യാഥാർഥ്യത്തിലേക്ക് പറന്നുയരുമെന്നാണ് കരുതുന്നത്.
തുടർപ്രവർത്തനം വിലയിരുത്താൻ എൻ.സി.സി അഡീ. ഡയറക്ടർ ജനറൽ രമേശ് ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘം എയർ സ്ട്രിപ് സന്ദർശിച്ചു. എൻ.സി.സി കാഡറ്റുകളുടെ പരിശീലനത്തിനായി 2017ലാണ് 12 ഏക്കർ സ്ഥലത്ത് 12 കോടി മുടക്കി എയർ സ്ട്രിപ് നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് 90 ശതമാനം നിര്‍മാണവും പൂർത്തിയാക്കി. 800 മീറ്റർ റൺവേയിൽ ചെറുവിമാനവും ഹെലികോപ്ടറും പറന്നിറങ്ങുകയും ചെയ്തിരുന്നു.
മഞ്ചുമല വില്ലേജിലെ സർവേ നമ്പർ -182ൽപെട്ട സ്ഥലത്ത് മിച്ചഭൂമിയോ, വനമോ വിലമതിക്കുന്ന വൃക്ഷങ്ങളോ ഇല്ലെന്നാണ് സർക്കാർ രേഖ. സ്കെച്ച്, മഹസർ, ബി.ടി.ആർ സഹിതം എൻ.സി.സിക്ക് കൈവശാവകാശം നൽകിയ ഉത്തരവുമുണ്ട്.
എന്നാൽ, എയർ സ്ട്രിപ്പിലേക്കുള്ള 400 മീറ്റർ പാതയടക്കം വനഭൂമിയിലാണെന്നാണ് വനം വകുപ്പിന്റെ വാദം. ഇത് മറികടക്കാൻ അന്തിമ വിജ്ഞാപനത്തിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. വനം, റവന്യൂ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗവും ചേർന്നു. നിയമ വകുപ്പിൽനിന്നും അഡ്വക്കറ്റ് ജനറലിൽനിന്നും അനുകൂല തീരുമാനവും ഉണ്ടായിട്ടുണ്ട്.
തദ്ദേശീയരായ 200 പേരടക്കം 1000 പേർക്ക് പ്രതി വർഷം പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് ജനറൽ രമേശ് ഷൺമുഖം പറഞ്ഞു. പ്രളയകാലത്ത് മണ്ണിടിഞ്ഞ ഭാഗം പുനർനിർമിക്കുന്നതിനും അനുബന്ധ നിർമാണ പ്രവർത്തനങ്ങൾക്കുമായി 24 കോടി എൻ.സി.സി സർക്കാറിന് കൈമാറിയിട്ടുണ്ട്. റൺവേക്ക് പുറമെ വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും പരിശീലനത്തിനെത്തുന്ന വിദ്യാർഥികളുടെ താമസ സൗകര്യവും സജ്ജമായി.
ഇടുക്കിയിലും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമുണ്ടായാൽ ചെറുവിമാനങ്ങളും ഹെലികോപ്ടറും സത്രം എയർ സ്ട്രിപ്പിൽ ഇറക്കാമെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല തീർഥാടനകാലത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എയർ സ്ട്രിപ് സജ്ജമാക്കാൻ ഒക്ടോബർ 24ന് കലക്ടർ എൻ.സി.സി അഡീ.ഡയറക്ടർ ജനറലിന് കത്ത് നൽകിയിരുന്നു.
നവംബർ ആറിന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് എൻ.സി.സി വകുപ്പും കത്ത് നൽകി. ഇക്കാര്യത്തിലും തുടർനടപടിയുണ്ടായില്ല. 2022 ഡിസംബർ ഒന്നിനാണ് സത്രം എയർ സ്ട്രിപ്പിൽ ചെറുവിമാനം ഇറങ്ങിയത്. 2023 സെപ്റ്റംബർ 21ന് വ്യോമസേനയുടെ ഹെലികോപ്ടർ ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.