തൊടുപുഴ: നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇതോടെ വിവിധ തദ്ദേശ വാർഡുകളിൽ വിമത ശല്യത്താൽ വലയുകയാണ് യു.ഡി.എഫ്. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ജില്ല പഞ്ചായത്ത് അടിമാലി ഡിവിഷനിലും നെടുങ്കണ്ടം, രാജാക്കാട് പഞ്ചായത്തുകളിലുമടക്കമാണ് വിമതർ മത്സര രംഗത്തുറച്ച് നിൽക്കുന്നത്. കോൺഗ്രസിന് പുറമെ ഘടകകക്ഷികളായ മുസ്ലിംലീഗിലും കേരള കോൺഗ്രസിലും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതർ രംഗത്തിറങ്ങിയിട്ടുണ്ട്.
ഭിന്നതയും വിമതശല്യവും പരിഹരിക്കാൻ ദിവസങ്ങളായി മാരത്തൺ ചർച്ചകളാണ് യു.ഡി.എഫിനുള്ളിൽ നടന്നത്. എന്നാൽ, ഇത് പരിഹരിക്കാനായില്ലെന്നാണ് വിമത ശല്യം തെളിയിക്കുന്നത്. സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കാൻ തന്നെ ദിവസങ്ങളെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സര രംഗത്തിറങ്ങിയവരെ അനുനയിപ്പിക്കാൻ നേതൃത്വം നീക്കം ആരംഭിച്ചത്. പുറത്താക്കൽ ഭീഷണിയടക്കം ഉയർത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് വിമതരുടെ എണ്ണം തെളിയിക്കുന്നത്. ഇതേസമയം കാര്യമായതർക്കമോ വിമതശല്യമോ ഇല്ലാതെ തന്നെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്തിയാണ് ഇടത് മുന്നണി മുന്നോട്ട് പോയത്.
തൊടുപുഴ: നഗരസഭയിൽ സ്ഥാനാർഥി ചിത്രം പുറത്ത് വരുമ്പോൾ കോൺഗ്രസിനുള്ളിൽ വിമത ശല്യവും. നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നിലവിൽ കൗൺസിലറുമായ ജോർജ് ജോൺ കൊച്ചുപറമ്പിലിനെതിരെ മൂന്ന് വിമത സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മഹിള കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും മുൻ കൗൺസിലറുമായ ആനി ജോർജ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ബഷീർ ഇബ്രാഹിം ഷംസ് കിളിയനാൽ എന്നിവരാണ് രംഗത്ത്.
കോൺഗ്രസ് വിമതനായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി.എം. മുനീർ മത്സരത്തിൽനിന്ന് പിൻമാറി. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിൽ അവസാന നിമിഷം മാറ്റം വരുത്തിയതിൽ വിമത ശല്യം ഒഴിവായിരുന്നു. പതിനേഴാം വാര്‍ഡില്‍ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ഥി മുന്‍ ചെയര്‍മാന്‍ കൂടിയായ എ.എം. ഹാരിദിനെ പതിനാറാം വാര്‍ഡിലേക്ക് മാറ്റിയാണ് ലീഗ് വിമത ശല്യം ഒഴിവാക്കിയത്. യു.ഡി.എഫിന്റെ പുതിയ പട്ടിക അനുസരിച്ച് വാര്‍ഡ് പതിനേഴില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദ് സ്ഥാനാര്‍ഥിയാകും.
അടിമാലി: മുൻ ജില്ല പഞ്ചായത്ത് അംഗവും രണ്ട് തവണ കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് അടിമാലി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ഇൻഫൻറ് തോമസ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്ത്. ജില്ല പഞ്ചായത്ത് അടിമാലി ഡിവിഷനിലാണ് ഇൻഫൻറ് തോമസ് മത്സരിക്കുന്നത്. കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചശേഷമാണ് മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാവ് തന്നെ റിബലായി മത്സരിക്കുന്നത് പാർട്ടിക്കും നാണക്കേടായി.
പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിലെ പീരുമേട് ഡിവിഷനിൽ കോൺഗ്രസ് വിമതനും മത്സരിക്കുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു കുടമാളൂരാണ് മത്സരിക്കുന്നത്. നിക്സൺ ജോർജ് യു.ഡി.എഫ് സ്ഥാനാർഥിയും പി.എ. ജേക്കബ് എൽ.ഡി.എഫ് സ്ഥാനാർഥിയുമാണ്. കല്ലാർ വാർഡിൽ കോൺഗ്രസ് പ്രവർത്തകനായ പി.എം. മാത്യു എൽ.ഡി.എഫ് സ്വതന്ത്രനായി ജനവിധി തേടുന്നു. പി.എം. മാത്യുവിനെ പരിഗണിക്കാതെ മുസ്ലിംലീഗിന് സീറ്റ് നൽകുകയായിരുന്നു. എൽ.ഡി.എഫിന്റെ സിറ്റിങ് വാർഡാണ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചപ്പോഴും പീരുമേട് പഞ്ചായത്തിൽ യു.ഡി.എഫിൽ സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. മിക്ക വാർഡുകളിലും സീറ്റ് മോഹികൾ നിരവധിയായിരുന്നു. കൊക്കയാർ, പെരുവന്താനം, ഏലപ്പാറ ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർഥികളെ തർക്കമില്ലാതെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചു.
കട്ടപ്പന: നഗരസഭയിൽ യു.ഡി.എഫിന് ആറിടത്ത് റിബൽ സ്‌ഥാനാർഥികൾ. മൂന്നിടത്ത് കോൺഗ്രസുകാർ തന്നെയാണ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് റിബലായി മത്സരിക്കുന്നത്. രണ്ടിടത്തു കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് സ്ഥാനാർഥികളും ഒരിടത്തു കേരള കോൺഗ്രസിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയും രംഗത്തുണ്ട്. നഗരസഭ ആറാം വാർഡ് (വെട്ടിക്കുഴകവലയിൽ) മുൻ നഗരസഭ ചെയർപേഴ്‌സൻ കോൺഗ്രസിലെ ഷൈനി സണ്ണി ചെറിയാനെതിരെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റിന്‍റോ സെബാസ്റ്റ്യനാണ് വിമതനായി മത്സരിക്കുന്നത്. ടൗൺ വാർഡ് 17ൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിനെതിരെ കേരള കോൺഗ്രസ് വാർഡ് പ്രസിഡന്റ് അപ്പച്ചൻകുട്ടി മത്സരിക്കും.
23ാം വാർഡ് അമ്പലക്കവലയിൽ നഗരസഭ മുൻ വൈസ് ചെയർമാൻ കോൺഗ്രസിലെ കെ.ജെ. ബെന്നിക്കെതിരെ മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയും മുൻ കൗൺസിലറുമായ മായ ബിജുവാണ് മത്സരരംഗത്തുള്ളത്. 30ാം വാർഡിൽ കേരള കോൺഗ്രസ് സ്‌ഥാനാർഥി ടി.ജെ. ജേക്കബിനെതിരെ മുൻ കൗൺസിലർ കോൺഗ്രസിലെ ഷമേജ് കെ. ജോർജ് മത്സരിക്കും. 31 വാർഡിൽ കേരള കോൺഗ്രസിലെ മേഴ്സിക്കുട്ടി ജോസഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്‌സൻ കോൺഗ്രസിലെ ബീന ജോബിയാണ് മത്സരരംഗത്തുള്ളത്.33 ആം വാർഡിൽ നഗരസഭ മുൻ വൈസ് ചെയർമാൻ കോൺഗ്രസിലെ ജോയ് ആനിത്തോട്ടത്തിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി കോൺഗ്രസിലെ തന്നെ ജോബി സ്റ്റീഫൻ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.