തൊടുപുഴ: കാറ്റടിച്ചാൽ കറന്റ് പോകും. മഴ പെയ്താൽ കറന്റ് പോയിരിക്കും. നല്ല വെയിലടിച്ചാലും കറന്റങ്ങ് പോകും... ഇനി ഇതൊന്നുമില്ലെങ്കിലും കറന്റ് പോകും... അതും ഒന്നും രണ്ടും തവണയല്ല. പത്തും ഇരുപതും വട്ടം. തൊടുപുഴ നഗരത്തിലെ വൈദ്യുതിയുടെ കണ്ണുപൊത്തിക്കളി ഭയങ്കര രസമാണ്.
‘ദാ, വന്നൂ...’ എന്ന് പറഞ്ഞു തീരുംമുമ്പ് കക്ഷിയുടെ പോക്കും കഴിഞ്ഞിരിക്കും. പിന്നെ വരുന്നത് തോന്നുമ്പോഴാണ്. ഇപ്പോ വരും എന്ന് കരുതി കാത്തിരുന്നാൽ ചിലപ്പോൾ കാത്തുകാത്തങ്ങിരിക്കേണ്ടിവരും. ഏതാണ്ട് ഇതേ അവസ്ഥയായിട്ടുണ്ട് ഇപ്പോൾ ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റിന്റെയും സ്ഥിതി.
നല്ല വെയിലുള്ളപ്പോൾ കുഴപ്പമില്ല. മാനമെങ്ങാനും കറുത്താൽ ഇന്റർനെറ്റിലും കാർമേഘമിരുളും. പിന്നെ വരുന്നത് എപ്പോഴെന്ന് കണ്ടറിയണം. മൂന്നാഴ്ചയായി തൊടുപുഴയിലും പരിസരങ്ങളിലും ദിവസവും വൈകീട്ട് മഴയുണ്ട്. ചില ദിവസങ്ങളിൽ ശക്തമായ ഇടിയും മിന്നലുമുണ്ട്.
ഈ ദിവസങ്ങളിൽ മുറപോലെ ഇന്റർനെറ്റും പണിമുടക്കുന്നു. കഴിഞ്ഞ ദിവസം സന്ധ്യക്ക് പോയ ഇന്റർനെറ്റ് പിറ്റേന്ന് രാവിലെയാണ് തിരിച്ചുവന്നത്. കച്ചവട സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും ഇലക്ട്രോണിക്സ് സർവിസ് കേന്ദ്രങ്ങളുടെയും പ്രവർത്തനത്തെയാണ് വൈദ്യുതി, ഇന്റർനെറ്റ് മുടക്കം പ്രതികൂലമായി ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.