തൊടുപുഴ: തോട്ടം തൊഴിലാളികളും തമിഴ് ഭാഷ ന്യൂനപക്ഷങ്ങളും തിങ്ങിത്താമസിക്കുന്ന പീരുമേട് മണ്ഡലത്തിൽ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കുമെന്ന് ഉറപ്പുനൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
നിയമസഭയിൽ വാഴൂർ സോമൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് മീഡിയം ഉൾപ്പെടുത്തി കോളജ് ആരംഭിക്കാമെന്നാണ് വാഗ്ദാനം. പീരുമേട് മണ്ഡലത്തിൽ സർക്കാർ സയൻസ് കോളജ് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയം കോളജ് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചത്.
പീരുമേട് മണ്ഡലത്തിൽ 25 വർഷമായി നാല് പ്രധാനതോട്ടങ്ങൾ പൂട്ടിക്കിടക്കുകയാണ്. ഇതോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തോട്ടങ്ങളും പ്രതിസന്ധിയിലാണ്. തോട്ടം തൊഴിലാളികളുടെ മക്കളും സാധാരണക്കാരായ കർഷകരുടെ മക്കളും ഉപരിപഠനത്തിന് സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇവരിൽ ഭൂരിഭാഗം പേരും തമിഴ് ഭാഷ ന്യൂനപക്ഷത്തിൽപെടുന്നവരാണ്.
പീരുമേട് മണ്ഡലത്തിൽ 18 ഹയർസെക്കൻഡറി സ്കൂളും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും ഒരു പോളിടെക്നിക്കുമാണുള്ളത്. ഓരോ വർഷവും 5000ൽ കൂടുതൽ വിദ്യാർഥികൾ പ്ലസ്ടു പഠനം കഴിഞ്ഞ് ഇറങ്ങുമ്പോൾ കോളേജ് പഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുവാൻ നിർബന്ധിതരാകുന്നു. പലരുടെയും പഠനം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുന്നുമുണ്ട്. തമിഴ് മീഡിയത്തിൽ പഠനം പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ കോളജ് പഠനത്തിനായി പാലക്കാട് ജില്ലയെയും തിരുവനന്തപുരത്തെയും തമിഴ്നാടിനെയും ആശ്രയിക്കുന്നു.
ഈ സാഹചര്യത്തിലാണ് പീരുമേട് മണ്ഡലത്തിൽ വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് പാട്ടവ്യവസ്ഥയിൽ നൽകിയതും നിലവിൽ പ്രവർത്തനം നടക്കാത്തതുമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ കൈവശമുള്ള 25 ഏക്കർ സ്ഥലത്തെ അഞ്ച് ഏക്കർ ഉപയോഗിച്ച് തമിഴ് മീഡിയം ഉൾപ്പെടുത്തി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിക്കണമെന്ന സബ്മിഷൻ വാഴൂർ സോമൻ നിയമസഭയിൽ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.