തൊടുപുഴ: അരിക്കൊമ്പനെ പിടികൂടി കൊണ്ടുവരുന്നതിൽ പറമ്പിക്കുളത്ത് പ്രതിഷേധം ഉയരുന്നതിനിടെ കാട്ടാനയെ പിടികൂടുന്നതിനുള്ള തയാറെടുപ്പുകളുമായി ദൗത്യ സംഘം മുന്നോട്ട്. അരിക്കൊമ്പനായി അസമിൽനിന്ന് റേഡിയോ കോളർ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കൈവശമാണ് ജി.പി.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റേഡിയോ കോളറുള്ളത്. ഇത് കേരളത്തിലെത്തിക്കണമെങ്കിൽ അവിടത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണം.
ഇതിനുള്ള ശ്രമങ്ങൾ ദിവസങ്ങളായി വനംവകുപ്പ് നടത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യ സംഘത്തലവൻ ഡോ. അരുൺ സക്കറിയ തിങ്കളാഴ്ച ചിന്നക്കനാലിൽ എത്തുമെന്നാണ് വിവരം. റേഡിയോ കോളർ എത്തിയാൽ ഉടൻ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മയക്കുവെടി വെച്ച് പിടികൂടിയാൽ ആനയുടെ കഴുത്തിൽ ബെൽറ്റ് കെട്ടി അതിൽ ജി.പി.എസ് റേഡിയോ കോളർ ധരിപ്പിക്കും. ജി.പി.എസ് ട്രാക്കറും ഇതിലുണ്ടാകും.
റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ ഉപഗ്രഹ സഹായത്തോടെ വനം വകുപ്പിന് ലഭിക്കും. ഇതിലൂടെ ആന നിൽക്കുന്ന സ്ഥലമടക്കം വ്യക്തമായി അറിയാനാകും. ആന ജനവാസ മേഖലയിലെത്തുന്നത് മുൻകൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നൽകാനാകും. നിലവിൽ വനംവകുപ്പിന്റെ കൈയിലുള്ള ജി.എസ്.എം റേഡിയോ കോളറിന് പറമ്പിക്കുളത്തെ ഉൾക്കാടുകളിൽ റേഞ്ച് കിട്ടില്ല എന്നതിനാലാണ് സാറ്റ്ലൈറ്റ് വഴി പ്രവർത്തിക്കുന്ന റേഡിയോ കോളറെത്തിക്കാൻ ശ്രമിക്കുന്നത്. അതേസമയം, പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതിനിടെ നാട്ടുകാർ കടുത്ത പ്രതിഷേധം തുടരുകയാണ്. ഇത് ചിന്നക്കനാലുകാരെയും വനംവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
അരിക്കൊമ്പനെ മാറ്റുന്നത് നീണ്ടു പോകുമോ, മറ്റെന്തെങ്കിലും ഇടപെടലുണ്ടാകുമോ തുടങ്ങിയ സന്ദേഹങ്ങളും ഇവർക്കുണ്ട്. നിലവിൽ സിമന്റ് പാലം ഭാഗത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.