ജില്ലയിൽ ഓണക്കാല കൃഷി 2200 ഹെക്ടറിൽ

തൊടുപുഴ: ഓണത്തിന് വിഷരഹിത പച്ചക്കറികൾ അടുക്കളയിലെത്തിക്കാൻ കൃഷി വകുപ്പ് നേതൃത്വത്തിൽ ജില്ലയിൽ കൃഷിയിറക്കിയത് 2200 ഹെക്ടറിൽ. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, പടവലം, പയർ, പാവൽ, മത്തൻ, കുമ്പളം, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയാണ് പ്രധാന ഇനങ്ങൾ. 1,80,000 പച്ചക്കറി വിത്തുകളും ആറു ലക്ഷം തൈകളും കൃഷി വകുപ്പ് വിതരണം ചെയ്തിരുന്നു.

ഓണനാളുകളിൽ ജില്ലയിൽനിന്ന് 25 ടൺ പച്ചക്കറി വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. വിഷരഹിത പച്ചക്കറി എത്തിക്കുക എന്നതിനൊപ്പം യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായാണ് 'എല്ലാവരും കൃഷിയിലേക്ക്' പദ്ധതിക്ക് രൂപം നൽകി ഓണക്കാലത്തിന് മുന്നോടിയായി കൃഷിയിറക്കിയത്.

ഇതിനായി കൃഷി ഓഫിസർമാർ പഞ്ചായത്ത്, നഗരസഭ അംഗങ്ങളുടെ സഹായത്തോടെ വാർഡുകളിൽ ഭവന സന്ദർശനം നടത്തി 850 കൃഷിക്കൂട്ടങ്ങൾ സംഘടിപ്പിച്ചു. വാർഡിൽ അഞ്ചു വീതം ഉത്തമകൃഷി കുടുംബങ്ങളെയും തെരഞ്ഞെടുത്തു.

ഇവർക്ക് ആവശ്യമായ വിത്തുകൾ നൽകി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ തരിശുഭൂമിയിൽ പച്ചക്കറി കൃഷി നടത്തുന്നതിന് കുടുംബശ്രീകൾക്കും ഇതര സംഘടനകൾക്കും സഹായവും പ്രോത്സാഹനവും നൽകാനും പദ്ധതിയുണ്ട്. കൂടാതെ ജൂലൈ 16 മുതൽ ഇലക്കറി വാരാചരണവും കൃഷി വകുപ്പ് നേതൃത്വത്തിൽ നടത്തി വരുകയാണ്.

ഇലയറിവ്, ഇലവർഗച്ചെടികളുടെ ഗുണങ്ങൾ, ഇലക്കറികൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ ആവശ്യകത എന്നിവ വ്യക്തമാക്കി കൃഷി വകുപ്പ് ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. ഭക്ഷണമാണ് ആരോഗ്യം എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്. ഓണം കഴിയുന്നതോടെയാണ് ഇടുക്കിയിലെ പച്ചക്കറി വിളവെടുപ്പ് സീസൺ ആരംഭിക്കുന്നത്. ഇത്തവണ കൂടുതൽ വിളവ് തന്നെ ഉണ്ടാക്കാൻ കഴിയുമെന്നാണ് കൃഷി വകുപ്പും കരുതുന്നത്.

വർഷം മുഴുവൻ കൃഷി ചെയ്യാൻ കഴിയുന്ന മഴമറ കൃഷിക്കും ഇനിമുതൽ കൂടുതൽ പ്രാമുഖ്യം നൽകാൻ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കൃഷിയെ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ മഴമറ കൃഷി വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നത്. ജില്ലയിൽ ഇതുവരെ 35 മഴമറ കൃഷി കൃഷിഭവനുകൾ വഴി ചെയ്യുന്നുണ്ട്.

എല്ലാ കൃഷിഭവന് കീഴിലും ഓണച്ചന്ത

ഓണക്കാലത്ത് എല്ലാ കൃഷിഭവനിലും ഓണച്ചന്തകൾ ഉണ്ടാകും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 80 ലക്ഷം രൂപയുടെ പ്രോജക്ടുകൾ വിവിധ കൃഷി ഭവനുകളിൽനിന്ന് പോയിട്ടുണ്ട്. ഡി.പി.സി അംഗീകാരം കിട്ടുന്ന മുറക്ക് ഇത്തവണ മികച്ച ഉൽപാദനം തന്നെ ജില്ലയിൽനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

സിജി ആന്‍റണി (കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)

പ്രതീക്ഷയോടെ വട്ടവടയും കാന്തല്ലൂരും

തൊടുപുഴ: ഓണവിപണിയെ ഇത്തവണയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വട്ടവടയും കാന്തല്ലൂരും. വട്ടവടയിൽ 900 ഹെക്ടറിലായി 2235 കർഷകരും കാന്തല്ലൂരിൽ 230 ഹെക്ടറിലായി 850ഓളം കർഷകരുമാണ് ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയിരിക്കുന്നത്. പലതരം ബീൻസ്, കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, കിഴങ്ങ്, വെളുത്തുള്ളി എന്നിവയാണ് പ്രധാനം.

മൂന്ന് മാസംകൊണ്ട് പാകമാകുന്ന ഇവ ഓണസീസണിൽ വിളവെടുക്കും. ഇത്തവണ കർഷകർക്കായി പരിശീലന പരിപാടികളടക്കം സംഘടിപ്പിച്ചിരുന്നു. ആയിരത്തിലധികം ഹെക്ടറിൽ കൃഷി ചെയ്തിട്ടും കഴിഞ്ഞ തവണ പൂർണതോതിൽ പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ് തയാറില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. ഇത്തവണ കൂടുതൽ സംഭരിക്കാനാണ് ആലോചനയെന്ന് ജില്ല ഹോർട്ടികോർപ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Onam cultivation in the district is 2200 hectares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.