തൊടുപുഴ: കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ജില്ലയിലെ 20 ഗ്രാമപ്പഞ്ചായത്തുകളിൽ നടപ്പാക്കാനൊരുങ്ങുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളാണ് ഈ വർഷം നടപ്പാക്കുന്നത്. പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം. 6000 പേരെയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാകും പദ്ധതി പ്രവർത്തനങ്ങൾ.
നിരക്ഷരരെ കണ്ടെത്താനായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളിൽ സർവേ നടത്തും. ഇതിനായി വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകും. എസ്.സി- 900, എസ്.ടി- 300, ന്യൂനപക്ഷ വിഭാഗങ്ങൾ- 1860, പൊതുവിഭാഗം- 2940 പേർ എന്നിങ്ങനെ നിരക്ഷരരായ 4740 സ്ത്രീകളെയും 1260 പുരുഷന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്.
മുൻ വർഷങ്ങളിൽ ജില്ലയിൽ ‘പഠ്ന ലിഖ്ന അഭിയാൻ’ പദ്ധതിയിൽ 23840 പേരെയും എൻ.ഐ.എൽ.പി പദ്ധതിയിൽ 5245 പേരെയും ഉൾപ്പെടുത്തിയിരുന്നു. തമിഴ് തോട്ടം തൊഴിലാളി മേഖലകൾക്കും നിരക്ഷർ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുക. തമിഴ് തോട്ടം മേഖലകൾ കേന്ദ്രീകരിച്ചുള്ള ഇടങ്ങളിലും സർവേ നടത്തി നിരക്ഷരരെ കണ്ടെത്തും. നിലവിൽ മലയാള ഭാഷ പാഠാവലി തർജ്ജമ ചെയ്ത് ഇവർക്ക് നൽകും. ഇതിനായി പ്രത്യേക വോളണ്ടിയർമാരെ തെരഞ്ഞെടുക്കും.
അടിമാലി, ബൈസൺവാലി, വണ്ടിപ്പെരിയാർ, പീരുമേട്, മൂന്നാർ, ദേവികുളം, മാങ്കുളം, ചിന്നക്കനാൽ, ശാന്തമ്പാറ, വണ്ണപ്പുറം, വാത്തിക്കുടി, അറക്കുളം, കാഞ്ചിയാർ, വണ്ടൻമേട് ചക്കുപള്ളം, പാമ്പാടുംപാറ, ഉടുമ്പൻചോല, ഉപ്പുതറ, രാജാക്കാട്, രാജകുമാരി.
തൊടുപുഴ: കാഴ്ചപരിമിതി നേരിടുന്നവർക്കായി ജില്ലയിൽ ബ്രെയിൽ സാക്ഷരത പദ്ധതിക്ക് തുടക്കം. പദ്ധതിയിൽ തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾ, തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി 31 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിലെ കാഴ്ച പരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്നാണ്
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി പദ്ധതി ആരംഭിച്ചത്. നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. പഠിതാക്കൾക്ക് ബ്രെയിൽ ലിപിയിൽ 160 മണിക്കൂർ ക്ലാസ് നൽകും.
ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ബ്രെയിൽ ലിപിയിലേക്ക് തർജ്ജമ ചെയ്ത സാക്ഷരത പാഠ പുസ്തകമാണ് ബ്രെയിൽ സാക്ഷരത പദ്ധതിക്കായി ഉപയോഗിക്കുന്നത്. 15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിലാണ് ക്ലാസുകൾ സജ്ജമാക്കുന്നത്. ഹൈറേഞ്ചിലടക്കമുള്ള ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.