തൊടുപുഴ: നെടുങ്കണ്ടം -കോട്ടയം ഓർഡിനറി സർവിസ് കെ.എസ്.ആർ.ടി.സി നിർത്തിയതിനെതിരെ പ്രതിഷേധം. പുലർച്ച 5.15ന് നെടുങ്കണ്ടത്തുനിന്ന് തുടങ്ങി 8.20ന് വണ്ണപ്പുറത്തും ഒമ്പതിന് തൊടുപുഴയിലും എത്തി കോട്ടയത്തിന് പോയിരുന്ന ബസാണ് ഒരാഴ്ചയായി നിലച്ചത്.
ധാരാളം സ്ഥിരം യാത്രക്കാർ ഉണ്ടായിരുന്ന സർവിസായിരുന്നു ഇത്. കൂടാതെ വണ്ണപ്പുറം -ചേലച്ചുവട് റൂട്ടിലെ വിദ്യാർഥികൾ കൺസെഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്‌തിരുന്നതും ഈ ബസിലായിരുന്നു. ദിവസവും 13,000 മുതൽ 18,000 രൂപ വരെ വരുമാനം ഉണ്ടായിരുന്ന ബസാണ് കാരണമില്ലാതെ കെ.എസ്.ആർ.ടി.സി നിർത്തിയത്. യാത്രക്കാർ വിളിക്കുമ്പോൾ ബസ് പണിക്ക് കയറ്റിയിരിക്കുകയാണെന്നും പകരം ഓടിക്കാൻ ബസ് ഇല്ലെന്നുമാണ് നെടുങ്കണ്ടം ഡിപ്പോയിൽനിന്നുള്ള മറുപടി.
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് ഉടമകളും ചേർന്നുള്ള ഒത്തുകളിയാണ് സർവിസ് നിർത്തിയതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും എം.ഡിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
കരിമണ്ണൂർ: തൊമ്മൻകുത്ത് -വണ്ണപ്പുറം -കരിമണ്ണൂർ -തൊടുപുഴ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന് ആവശ്യമുയർന്നു. തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം ആയിട്ടും മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസില്ല. ദൂരസ്ഥലങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികളാണ് മേഖലയിലുള്ളത്.
ഗ്രാമീണ മേഖലയെ കെ.എസ്.ആർ.ടി.സി അവഗണിക്കുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന തൊമ്മൻകുത്ത്, വണ്ണപ്പുറം, കരിമണ്ണൂർ പ്രദേശങ്ങൾ കുടിയേറ്റ മേഖലകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.