തൊടുപുഴ: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ദൗത്യസംഘത്തെച്ചൊല്ലി നേതാക്കളുടെ വാക്പോര്. സി.പി.എം, സി.പി.ഐ നേതാക്കൾ പരസ്യ പ്രതികരണവും ഫേസ്ബുക്ക് പോസ്റ്റും പ്രസ്താവനകളുമായി കളംനിറഞ്ഞതോടെ എൽ.ഡി.എഫിലെ ഭിന്നതയും മറനീക്കി.
വി.എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് മൂന്നാറിൽ ദൗത്യസംഘം അഴിഞ്ഞാടിയതുപോലെ പുതിയ സംഘവും പെരുമാറിയാൽ ചെറുക്കുമെന്ന് എം.എം. മണി എം.എൽ.എ നടത്തിയ പ്രസ്താവനയായിരുന്നു ആദ്യത്തേത്. നിയപരമായി കാര്യങ്ങൾ നടത്തിയാൽ ചെറുക്കില്ലെന്നും അന്നത്തെ നടപടികളുടെ ഫലം ഇപ്പോഴും അനുഭവിക്കുകയാണെന്നുമായിരുന്നു മണി പറഞ്ഞത്. തൊട്ടുപിന്നാലെ ഒളിയമ്പുമായി സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ രംഗത്തെത്തി.
കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുകയാണെന്നാണ് ശിവരാമൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സർക്കാർ ഭൂമി കൈയേറിയ പല വമ്പന്മാരെയും പിടിച്ച് അകത്തിടണമെന്നും അദ്ദേഹം കുറിച്ചു. തൊട്ടുപിന്നാലെ ശിവരാമൻ പറയുന്ന വൻകിട കൈയേറ്റങ്ങൾ അദ്ദേഹംതന്നെ നേരിട്ട് വന്ന് കാണിച്ചുകൊടുക്കട്ടെ എന്ന് എം.എം. മണി പ്രതികരിച്ചു. പിന്നാലെ കാന്തല്ലൂർ, വാഗമൺ, ചിന്നക്കനാൽ എന്നിവിടങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമാഫിയ കൈയേറിയിട്ടുണ്ടെന്നും ഇതേക്കുറിച്ചൊന്നുമറിയാത്ത ആളല്ല മണി എന്നും ശിവരാമനും തിരിച്ചടിച്ചു.
കൈയേറ്റ ഭൂമികൾ ഒഴിപ്പിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് തന്റെ നിലപാടെന്നും ഒരു കൈയേറ്റവും ഒഴിപ്പിക്കാൻ പാടില്ലെന്ന അന്ത്യശാസനം കമ്യൂണിസ്റ്റുകാർക്ക് യോജിച്ചതല്ലെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.
ദൗത്യസംഘം മൂന്നാറിലേക്ക് വരേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം എന്ന് ജില്ല സെക്രട്ടറി സി.വി. വർഗീസും വ്യക്തമാക്കി. കൈയേറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ മാത്രമാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മൂന്നാർ ദൗത്യസംഘത്തെ നിയോഗിച്ചതിൽ എൽ.ഡി.എഫ് അസത്യ പ്രചാരണം നടത്തുവെന്ന് ഡീൻ കുര്യാക്കോസ് എം.പിയും ആരോപിച്ചു. കൈയേറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് കൊടുത്തത് കലക്ടറാണ്. എന്നാൽ, റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് സി.പി.എം പറയുന്നത്. കലക്ടർ സർക്കാറിന്റെ ഭാഗമായിരിക്കെ ഇടത് നേതാക്കൾ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും വൻകിട കൈയേറ്റങ്ങൾ മാത്രം ഒഴിപ്പിക്കണമെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് ഡീൻ കുര്യാക്കോസും പ്രതികരിച്ചു. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.
മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ നിയമ നടപടികൾ ആദ്യം ഉണ്ടായത് 2007ലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ചുമതല കെ. സുരേഷ്കുമാർ, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവർക്കാണ് നൽകിയത്. നേതാക്കളുടെ കൈയേറ്റങ്ങൾക്കെതിരെയും പാർട്ടി ഓഫിസുകൾക്കെതിരെയും നടപടി വന്നതോടെ രാഷ്ട്രീയ വിവാദമായി. മേയിൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടി ജൂണിൽ അവസാനിപ്പിക്കുകയായിരുന്നു.
വീണ്ടും ദൗത്യസംഘത്തെ നിയോഗിച്ചെങ്കിലും ഒഴിപ്പിക്കലടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കാൻ സാധ്യതയില്ലെന്നാണ് വിവരം. നടപടികൾക്ക് കാലതാമസമുണ്ടാകും. മൂന്നാർ മേഖലയിൽ കലക്ടർ കണ്ടെത്തിയത് 326 കൈയേറ്റമാണ്. ഇതിൽ 70 കേസിലാണ് അപ്പീൽ നിലവിലുള്ളത്. ഇതിൽ തീരുമാനമെടുത്ത ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.