തൊടുപുഴ: കേരളത്തിന്റെ മിസ്റ്റി കാമ്പസായ മൂന്നാര്‍ സര്‍ക്കാര്‍ കോളജ് ഇനി സമ്പൂര്‍ണ ചെസ് സാക്ഷര കാമ്പസ്. ഔദ്യോഗിക പ്രഖ്യാപനം ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ നടത്തി. ചെസ് സാക്ഷര കലാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രൗണ്ടില്‍ വലിയ ചെസ് ബോര്‍ഡ് തീര്‍ക്കുകയും അതില്‍ പ്രതീകാത്മകമായി കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് ചെസ് കരുക്കളായി അധ്യാപകരും വിദ്യാർഥികളും അണിനിരക്കുകയും ചെയ്തു. രണ്ടാഴ്ചക്കാലം നീണ്ട പരിശീലന പരിപാടിയുടെ ഭാഗമായി കാമ്പസിലെ മുഴുവന്‍ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചെസ് പഠിച്ചു. പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനറായ തൃശൂര്‍ സ്വദേശി എ. മനോജ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്കി. പരിശീലനം നേടിയവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു.
കുട്ടികളുടെ ചിന്താശേഷിയും വിശകലനശേഷിയും വളര്‍ത്തി കാമ്പസില്‍ സൗഹൃദാന്തരീക്ഷം വളര്‍ത്തുന്നതിനും കേരളത്തിലെ കാമ്പസുകളെ മദ്യത്തിനും ലഹരിക്കും അടിപ്പെടാതെ കളികളുടെ ലഹരിയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ലക്ഷ്യം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. മനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെസ് സാക്ഷര കാമ്പസ് പദ്ധതി കോഓഡിനേറ്റര്‍ ഡോ. ടി.എൽ. സോണി പദ്ധതി വിശദീകരിച്ചു. യൂനിയന്‍ ചെയര്മാന് അമല്‍ പ്രേം, വൈസ് പ്രിന്‍സിപ്പൽ ഡോ. കെ.ടി. വന്ദന, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ദീപ രഘുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.