ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പു​തി​യ​ കെ​ട്ടി​ടം


ഇടുക്കി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യം ഒരുങ്ങുന്നു

തൊടുപുഴ: പരാധീനതകൾക്കിടയിലും ഇടുക്കി മെഡിക്കൽ കോളജിൽ രോഗികൾക്കായി കൂടുതൽ സംവിധാനങ്ങളൊരുങ്ങുന്നു. നിലവിലെ സംവിധാനങ്ങൾ വിപുലീകരിച്ചും കൂടുതൽ സൗകര്യം ഏർപ്പെടുത്തിയും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന രീതിയിലാണ് നടപടി ആവിഷ്കരിക്കുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയിൽ എക്സ്റേ, ലാബ്, ബ്ലഡ് ബാങ്ക്, ഇ.സി.ജി വിഭാഗം എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറാക്കിയിട്ടുണ്ട്. നേരത്തേ ഈ വിഭാഗങ്ങൾ പകൽ സമയങ്ങളിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.

കൂടാതെ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം രാത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും തീവ്രപരിചരണ വിഭാഗം പൂർണതോതിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. സി.ടി സ്കാൻ, മാമോഗ്രാം യൂനിറ്റുകളും എല്ലാ ദിവസവും പ്രവർത്തനം തുടങ്ങിയതായും സൂപ്രണ്ട് പറഞ്ഞു.

അതേസമയം, ഡോക്ടർ ഇതര ജീവനക്കാരുടെ കുറവാണ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രി നേരിടുന്ന പ്രധാന പ്രതിസന്ധി. സ്റ്റാഫ് നഴ്സ്, ലാബ്, ഫാർമസി ജീവനക്കാർ എന്നിവരുടെ കുറവ് രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 150 ജീവനക്കാരെ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യവകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്.

നിലവിലെ എല്ലാ വിഭാഗത്തിലും കിടത്തിച്ചികിത്സ ഉണ്ടെങ്കിലും പുതിയ കെട്ടിടത്തിൽ ഇനിയും കിടത്തിച്ചികിത്സ ആരംഭിക്കാനായിട്ടില്ല. നിർമാണച്ചുമതല ഏറ്റെടുത്ത കിറ്റ്കോ കുറച്ച് ജോലികൂടി തീർക്കാനുണ്ട്. ഇത് തീർന്നാലുടൻ പുതിയ കെട്ടിടത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കാനാണ് ശ്രമം. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്ന് അടുത്തിടെ ഇടുക്കി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരം നേടിയെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഈവർഷം തന്നെ അംഗീകാരം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിദ്യാർഥികളുടെ അഡ്മിഷൻ നടപടികളും ആരംഭിക്കാനാകും. മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ച അടിസ്ഥാന സൗകര്യങ്ങളിൽ 30 ശതമാനം പൂർത്തിയാകാനുണ്ട്.

വിദ്യാർഥികളുടെ ഹോസ്റ്റലും അധ്യാപകർക്കുള്ള കെട്ടിടവുമാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച മെഡിക്കല്‍ കോളജിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും അപേക്ഷിച്ചെങ്കിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ആരംഭിക്കാതിരുന്നതിനാല്‍ അംഗീകാരം ലഭിച്ചിരുന്നില്ല.

Tags:    
News Summary - More facilities are being set up at Idukki Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.