ചെറുനാരങ്ങ വില കുതിക്കുന്നു; 200ലേക്ക്

തൊടുപുഴ: വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് വില ഉയര്‍ന്നത്. വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമണ്‍ ജ്യൂസ് വിൽപന പലയിടത്തും നിര്‍ത്തിവെച്ചു. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. താപനില കൂടുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചെറുനാരങ്ങ സഹായിക്കും.

ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരു ചെറുനാരങ്ങക്ക് 10 രൂപ വരെ വിലയ്ക്കാണ് കടകളിൽ വിൽപന. ഇത്രയും വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. വേനൽ ചൂട് വർധിച്ചതോടെ സർബത്ത്, നാരങ്ങസോഡ തുടങ്ങിയ പാനീയങ്ങൾക്ക് ആവശ്യക്കാർ ഏറിയതും ചെറുനാരങ്ങയുടെ ആവശ്യം വർധിക്കാൻ കാരണമായി.

ചെറുനാരങ്ങയുടെ വിലവർധന ഇത്തരം പാനീയങ്ങളുടെ വിൽപനയെയും അച്ചാർ ഉൽപാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല ചെറുകിട അച്ചാർ നിർമാണ യൂനിറ്റുകളിലും ചെറുനാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് പ്രതിസന്ധിയിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ ചെറുനാരങ്ങയുടെ വരവ് വർധിക്കുമെന്നും വില കുറയുമെന്നുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Lemon prices soar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.