ഭൂപ്രശ്നം: മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങളിൽ ആശങ്കയും പ്രതീക്ഷയുമായി ഇടുക്കി

തൊടുപുഴ: ഭൂപ്രശ്നങ്ങളിൽ പുകഞ്ഞുനിൽക്കുന്ന ജില്ലക്ക് പുതിയ പ്രതീക്ഷയാകുകയാണ് വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ. എന്നാൽ, പുതിയ തീരുമാനത്തിൽ ആത്മാർത്ഥതയില്ലെന്നും വിഷയം കൂടുതൽ സങ്കീർണമാകുകയേ ഉള്ളൂ എന്നുമുള്ള വിമർശനവും ഉയർന്നിട്ടുണ്ട്.

1960ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യും, പട്ടയഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കും, കൃഷി ആവശ്യത്തിനായി പതിച്ച് നൽകിയിട്ടും കൃഷി ചെയ്യാത്ത ഭൂമി മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാവുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരും, കാര്‍ഡമം ഹില്‍ റിസര്‍വില്‍ പതിച്ചു നൽകാൻ കേന്ദ്രത്തിന്‍റെ അനുമതിയുള്ള 20384.59 ഹെക്ടറിൽ പതിനായിരത്തോളം ഹെക്ടറിന് പട്ടയം നൽകും, നിർമാണങ്ങൾക്ക് എൻ.ഒ.സി വേണമെന്ന നിബന്ധനയിൽനിന്ന് ആനവിലാസം വില്ലേജിനെ ഒഴിവാക്കും എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. നടപ്പായാൽ ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരമാകുന്ന തീരുമാനങ്ങൾ. പക്ഷേ, മുൻകാല അനുഭവങ്ങളിൽനിന്ന് ഇടുക്കിയിലെ ജനങ്ങൾ ചോദിക്കുന്നത് ഈ ഉറപ്പുകളെങ്കിലും ഞങ്ങൾക്ക് വിശ്വസിക്കാമോ എന്നാണ്.

ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ നൽകിയ ഒരുപാട് വാഗ്ദാനങ്ങൾ കേട്ടുശീലിച്ചവരാണ് ഇടുക്കിക്കാർ. 2019ൽ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിലൂടെയാണ് ജില്ലയിലെ പട്ടയ ഭൂമിയിൽ വീട് ഒഴികെയുള്ള നിർമാണങ്ങൾക്ക് നിയന്ത്രണം വന്നത്. ഇതിനെതിരെ ഹൈകോടതിയിൽ കേസ് എത്തിയപ്പോൾ നിയന്ത്രണം സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

വിഷയം ചർച്ച ചെയ്യാൻ 2019 ഡിസംബർ 19ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഭൂപതിവ് ചട്ടഭേദഗതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും അനുകൂല തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. ഭൂപതിവ് ചട്ടലംഘനത്തിന്‍റെ പേരിൽ പട്ടയഭൂമി ഏറ്റെടുക്കാമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചട്ടഭേദഗതി മാത്രമാണ് പോംവഴിയെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി.

എന്നാൽ, മൂന്ന് വർഷം കഴിഞ്ഞിട്ടും തുടർനടപടികളുണ്ടാകാത്തത് ജനങ്ങളെ നിരാശരാക്കി. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് നിലപാടെടുത്തപ്പോൾ 1960ലെ ഭൂപതിവ് നിയമംതന്നെ ഭേദഗതി ചെയ്യണമെന്നായിരുന്നു സി.പി.എമ്മിന്‍റെ കൈയിലുള്ള നിയമവകുപ്പിന്‍റെ വാദം. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശവും 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു.

ഇതാണ് ഇപ്പോൾ ഉന്നതതല യോഗം അംഗീകരിച്ചിരിക്കുന്നത്. മാസങ്ങളായി ഹർത്താലും പ്രതിഷേധ പരിപാടികളുമായി ജില്ലയിൽ ഭൂപ്രശ്നം പുകയുകയാണ്. വിവിധ കർഷക സംഘടനകളും യു.ഡി.എഫും കത്തോലിക്ക സഭയും എസ്.എൻ.ഡി.പിയും ശക്തമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ വിശദീകരിക്കാനാവാതെ സി.പി.എമ്മും രാഷ്ട്രീയ പ്രതിസന്ധിയിലായി. ഭരണത്തിൽ പങ്കാളിയായ കേരള കോൺഗ്രസിനും (എം) കർഷകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടി. ഈ സാഹചര്യത്തിൽ ജില്ലയിൽ എൽ.ഡി.എഫിന് രാഷ്ട്രീയമായി ഏറെ ആശ്വാസം നൽകുന്നത് കൂടിയാണ് പുതിയ തീരുമാനങ്ങൾ. 

Tags:    
News Summary - Land issue: The decisions of the meeting called by the Chief Minister were filled with concern and hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.