തൊടുപുഴ: കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി നിർമിക്കാൻ നഗരസഭയുടെ വാഴവരയിലുള്ള നാലേക്കർ ഭൂമി ഇ.എസ്.ഐ കോർപറേഷന് വിട്ടുനൽകാൻ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. നേരത്തെ ഐ.എച്ച്.ആർ.ഡിക്ക് കെട്ടിടം നിർമിക്കാൻ നഗരസഭ വിട്ടുനൽകിയിരുന്ന ഭൂമിയാണിത്.
ഐ.എച്ച്.ആർ.ഡി. നിർമാണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനെ തുടർന്നാണ് ഇ.എസ്.ഐ. കോർപറേഷന് വിട്ടുനൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകാരം നൽകിയത്.
ഐ.എച്ച്.ആർ.ഡി ധനലഭ്യത ഉറപ്പുവരുത്തിയാൽ ഉചിത സ്ഥലം കണ്ടെത്തി നൽകാമെന്ന് കട്ടപ്പന മുനിസിപ്പാലിറ്റി ഉറപ്പുനൽകുകയും ചെയ്തു.
ഫലപ്രദമായ ഇടപെടലുകൾ നടത്തിയ കട്ടപ്പന മുനിസിപ്പൽ മുൻ ചെയർമാൻമാരായ ജോയി വെട്ടക്കുഴി, ബീനാ ജോബി, ചെയർചെയർപേഴ്സൻ ഷൈനി സണ്ണി ചെറിയാൻ എന്നിവർക്കും കട്ടപ്പന മുനിസിപ്പൽ കൗൺസിലിനും എം.പി നന്ദി അറിയിച്ചു.
ഇ.എസ്.ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുള്ള മലയോര മേഖലയിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് 2021 ൽ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവുമായും ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ ജനറൽ മുഖമീദ് എസ്. ഭാട്ട്യയുമായും എം.പി. നടത്തിയ കൂടിക്കാഴ്ചയിലാണ് കട്ടപ്പനയിൽ ആശുപത്രി അനുവദിച്ചത്.
കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കർ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തതിനെ തുടർന്ന് സ്ഥലം പരിശോധിച്ച് 100 കിടക്കകളുള്ള ആശുപത്രി നിർമിക്കാൻ ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
ഇ.എസ്.ഐ കോർപറേഷൻ സ്ഥലം ഏറ്റെടുത്ത് ഉടൻ നിർമാണ ഏജൻസിക്ക് പ്രവൃത്തി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും തുടർന്ന് 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും എം.പി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.