ജെസി ആന്റണി
തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സണായി കേരള കോൺഗ്രസ് എമ്മിലെ ജെസി ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ഹൈകോടതി അയോഗ്യയാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യ റൗണ്ടിൽ ജെസി ആന്റണിക്ക് 14ഉം യു.ഡി.എഫിലെ മുസ്ലിം ലീഗ് പ്രതിനിധി ഷഹനാ ജാഫറിന് 12ഉം ബി.ജെ.പി. സ്ഥാനാർഥി ജിഷാ ബിനുവിന് ഏഴും വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടിൽ ജെസി ആന്റണിക്ക് 13 ഉം ഷഹനാ ജാഫറിന് 12ഉം വോട്ട് ലഭിച്ചു. ബി.ജെ.പി വിട്ടു നിന്നു. ഒരു വോട്ട് അസാധുവായി.
ഡെപ്യൂട്ടി കലക്ടർ ആർ. ആർ. ജോളി ജോസഫ് വരണാധികാരിയായിരുന്നു. കൗൺസിലർ ടി.എസ്. രാജൻ ഹാജരായിരുന്നില്ല. വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും എല്ലാവരും ഒരുമിച്ച് നിന്നാൽ നഗര വികസനത്തിനാവശ്യമായതെല്ലാം ചെയ്യാൻ കഴിയുമെന്നും ജെസി ആന്റണി പറഞ്ഞു.
2020 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്വതന്ത്രയായി ഒമ്പതാം വാര്‍ഡില്‍ നിന്നാണ് ജെസി ജോണി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് കൂറുമാറി എൽ.ഡി.എഫ് പിന്തുണയോടെ വൈസ് ചെയര്‍പേഴ്സണ്‍ ആയി. ഇതിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയെങ്കിലും ഹൈകോടതി അനുവദിക്കുകയായിരുന്നു. അഡ്വ.സി.കെ. ജാഫര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ.കരീം എന്നിവരാണ് കോടതിയെ സമീപിച്ചത്. 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.