തൊടുപുഴ: ട്രോളിങ് നിരോധനത്തെ തുടർന്ന് പഴകിയ മീനുകൾ വിൽപനക്ക് എത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ്. മത്സ്യം വാങ്ങുന്നവർ നല്ല മീനാണെന്നു ഉറപ്പുവരുത്തിയേ വാങ്ങാവൂ എന്നും നിർദേശം.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ പിടികൂടിയത്. ജില്ലയിൽ കലക്ടറുടെ നിർദേശപ്രകാരം ചെറുതോണിയിലും പരിസരങ്ങളിലും കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന 27 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ്, വാഴത്തോപ്പ് പഞ്ചായത്ത് ആരോഗ്യവിഭാഗം, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഹൈ റാപിഡ് ഫോർമലിൻ ടെസ്റ്റ് കിറ്റ് അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു പരിശോധന. രാസമാലിന്യം കലർന്ന മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചു. ജില്ലയിൽ മത്സ്യ വിൽപന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം.
പല കടകളിലും മീനുകൾ ശരിയായ വിധം ഐസിടാതെയാണ് സൂക്ഷിച്ച് വിൽപന നടത്തുന്നതെന്നും ഇതു മീൻ പെട്ടെന്ന് കേടാകാൻ കാരണമാകുമെന്നും അധികൃതർ പറയുന്നു. മതിയായ ശീതീകരണ സംവിധാനമില്ലാതെ ദിവസങ്ങളോളം വാഹനത്തിലിരുന്ന് കേടായ മീനും വിപണിയിൽ എത്തുന്നുണ്ട്. ചൂര, കേര തുടങ്ങിയ മീനുകളാണ് കൂടുതലും പഴകിയ നിലയിൽ കണ്ടെത്തിയിട്ടുള്ളത്.
നല്ല മീനുകൾക്കൊപ്പം പഴകിയതും കൂട്ടിക്കലർത്തിയാണ് പലയിടങ്ങളിലും വിൽപന. അതേസമയം, പരിശോധനകളിൽ മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നു അധികൃതർ പറഞ്ഞു. മത്സ്യ വിൽപന സ്ഥാപനങ്ങൾ ഒരു കിലോ മീനിൽ ഒരു കിലോ ഐസ് എന്ന തോതിൽ ഇടണമെന്നു അധികൃതർ അറിയിച്ചു.
പഴകിയതോ രാസവസ്തുക്കൾ കലർത്തിയതോ ആയ മീൻ വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കട അടപ്പിക്കുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.