തൊടുപുഴ: ചൂടിന് ആശ്വാസം പകർന്ന് ജില്ലയിൽ മഴ കനത്തു. തൊടുപുഴയിലടക്കം ഒറ്റപ്പെട്ട മേഖലയിൽ നാലു ദിവസമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്.
മഴക്കൊപ്പമുള്ള മിന്നലും കാറ്റും പല മേഖലകളിലും ഇതിനോടകം നാശം വിതക്കുകയും ചെയ്യുന്നുണ്ട്. തൊടുപുഴ ഉൾപ്പെടെ ലോ റേഞ്ച് മേഖലകളിലും പീരുമേട്, കട്ടപ്പന, കുമളി, മൂന്നാർ തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും രണ്ടു ദിവസമായി മഴ ലഭിച്ചു.
കാറ്റ് മൂലം വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണും ലൈനുകൾ പൊട്ടിയും പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ 18 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. മിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ 300.6 മി.മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 112.2 മി.മി മഴയാണ്. വേനൽ മഴയിൽ നിലവിൽ 63 ശതമാനം കുറവാണ് ജില്ല നേരിടുന്നത്.
അതേ സമയം ജില്ലയിൽ മഴ തുടരുന്നതിനാൽ ചൂടിന് ശമനം വന്നിട്ടുണ്ട്. വേനൽ ജില്ലയിലെ ഏലം കൃഷിയെ പിന്നോട്ടടിച്ചിട്ടുണ്ട്. കാലവർഷം നന്നായി ലഭിച്ചാൽ മാത്രമേ ഏലത്തിന് ഇനി ഗുണം ഉണ്ടാകൂവെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.