തൊടുപുഴ: 226 പേജുള്ള സംസ്ഥാന ബജറ്റ് അവതരണത്തിൽ കാര്യമായി ഇടംപിടിക്കാതെ ഇടുക്കി ജില്ല. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്നതും വന്യജീവി സംഘർഷം, കൃഷി നാശം, കാലാവസ്ഥ പ്രതിസന്ധി തുടങ്ങിയവയെല്ലാം നേരിടുന്നതുമായ ജില്ലക്ക് ഒരു പ്രത്യേക പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചില്ല.
പൊതുപദ്ധതികളുടെ പട്ടികയിൽ വരുന്നതല്ലാതെ ഇടുക്കിയുടെ വികസനത്തിനും വളർച്ചക്കും സംഭാവന നൽകുന്ന പ്രഖ്യാപനങ്ങളുമില്ല. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളെയെല്ലാം പരിഗണിച്ചപ്പോഴും പതിറ്റാണ്ടുകളായി വികസനത്തിന് കാത്തിരിക്കുന്ന ഇടുക്കി, ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ‘ഗുഡ്ബുക്കി’ൽ ഇടം നേടിയില്ല.
പൂട്ടിപ്പോയ തോട്ടങ്ങളിലെ തൊഴിലാളികളുടെ അതിജീവനത്തിനും ലയങ്ങളുടെ പുനരുദ്ധാരണത്തിനുമുള്ള പദ്ധതി പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളെല്ലാം ബജറ്റിൽ ഇടംപിടിച്ചപ്പോൾ ബാലാരിഷ്ടതകൾ മാറാത്ത ഇടുക്കി മെഡിക്കൽ കോളജിനായി ഒരു പദ്ധതി പ്രഖ്യാപനം പോലുമില്ല.
12 മാസത്തിനിടെ കാട്ടാന എട്ട് ജീവൻ അപഹരിക്കുകയും നൂറുകണക്കിന് ഹെക്ടറിലെ കൃഷി നശിപ്പിക്കുകയും ചെയ്തിട്ടും വന്യജീവി സംഘർഷം ഒഴിവാക്കാൻ ജില്ലക്കായി പദ്ധതികളൊന്നും ഉൾക്കൊള്ളിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ വലിയ രീതിയിൽ സംഭാവന നൽകുന്ന ജില്ലയിൽ മൂന്നാർ കെ. ഹോംസ് പദ്ധതിയിലും ഉഡാൻ പദ്ധതിയിൽ ഇടുക്കിയും ഇടംപിടിച്ചത് മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.
സംസ്ഥാനത്ത് ഒട്ടാകെയായി കാർഷിക മേഖലക്ക് നീക്കിവെച്ച 727.40 കോടിയിലും വിള പരിപാലനത്തിനുള്ള 535.90 കോടിയിലും സമഗ്ര പച്ചക്കറി വികസനത്തിനുള്ള 78.45 കോടിയിലും വന്യജീവി ആക്രമണം തടയാനുള്ള 50 കോടിയിലും ജില്ലക്ക് മികച്ച പ്രാതിനിധ്യം ലഭിച്ചാൽ മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിക്കുക.
ഇടുക്കി ജില്ലക്കാരുടെ ഏെറക്കാലത്തെ ആവശ്യമായിരുന്ന മെഡിക്കൽ കോളജ് ചെറുതോണിയിൽ സ്ഥാപിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ബാലാരിഷ്ടതയിലാണ്. അസൗകര്യങ്ങളും അപര്യാപ്തതകളും നിറഞ്ഞുനിന്ന മെഡിക്കൽ കോളജിന് ബജറ്റിൽ പ്രത്യേക പദ്ധതി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കോഴിക്കോട്, കോട്ടയം, തൃശൂർ, കണ്ണൂർ, മഞ്ചേരി മെഡിക്കൽ കോളജുകളിൽ വിവിധ പദ്ധതികൾക്കായി 38.75 കോടി രൂപയുടെ പ്രഖ്യാപനം ബജറ്റിലുണ്ടായെങ്കിലും ഇടുക്കി ഇടംപിടിച്ചില്ല.
ഇതോടൊപ്പം ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളജുകളിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാത്ത് ലാബ് സ്ഥാപിക്കാൻ പത്ത് കോടിയും അനുവദിച്ചപ്പോഴും ഇടുക്കി പരിഗണിക്കപ്പെട്ടില്ല. ഇടുക്കി മെഡിക്കൽ കോളജ് ഇപ്പോഴും അടിയന്തര- ഗൗരവതരമായ ചികിത്സക്ക് ജനങ്ങൾക്ക് ഉപയോഗപ്പെടാത്ത അവസ്ഥയാണ്.
ഗുരുതര രോഗം, അപകടങ്ങളിലെ ഗുരുതര പരിക്കുകൾ എന്നിവയുണ്ടാകുമ്പോൾ, എറണാകുളം, കോട്ടയം ജില്ലകളിലെയും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെയും ആശുപത്രികളെയും ആശ്രയിക്കുന്നതിന് പകരമായാണ് ഇടുക്കി മെഡിക്കൽ കോളജ് വിഭാവനം ചെയ്യപ്പെട്ടത്. 2014ൽ മെഡിക്കൽ കോളജ് സ്ഥാപിതമാകുമ്പോൾ ചികിത്സക്കായി മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ ഒഴിവാകുമെന്ന് ഇടുക്കിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പതിറ്റാണ്ട് പിന്നിട്ടിട്ടും രോഗികളുമായി ആംബുലൻസുകൾ അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് പായുന്നത് തുടരുകയാണ്.
മുമ്പുള്ള രണ്ട് ബജറ്റുകളിലായി 20 കോടി അനുവദിച്ചിട്ടും ലയങ്ങളുടെ നവീകരണം എങ്ങുമെത്തിയില്ല. ഇടിഞ്ഞുപൊളിഞ്ഞ് വന്യമൃഗങ്ങളും ഇഴജന്തുക്കളും ഏതു നിമിഷവും ആക്രമിക്കാവുന്ന ലയങ്ങളിലാണ് തേയില, ഏലം തോട്ടങ്ങളിലെ തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നത്. പല തോട്ടങ്ങളിലെയും ലയങ്ങൾ 60 വർഷത്തിലധികം കാലപ്പഴക്കം ഉള്ളവയാണ്. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലുള്ളവരുടെ ജീവിതമാണ് അതിദയനീയം.
ഇടിഞ്ഞു വീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുന്നത് നൂറ് കണക്കിന് കുടുംബങ്ങളാണ്. ഉടമകളുപേക്ഷിച്ച 200ലധികം ലയങ്ങളുണ്ട്. ലയങ്ങളുടെ പൂർണമായ നവീകരണത്തിനും ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്തുന്നതിനും തൊഴിലാളികളുടെ കൂലി വർധനക്കും നടപടി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബജറ്റ് ഇവർക്ക് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
2020 ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങൾ അടിയന്തിരമായി നവീകരിക്കണം എന്ന നിർദേശം തൊഴിൽ വകുപ്പും ജില്ല ഭരണകൂടവും സർക്കാരിന് മുന്നിൽ വെക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ തുടർനടപടികൾ എങ്ങുമെത്തിയില്ല. ലയങ്ങളുടെ നവീകരണം ലേബർ വകുപ്പിനാണോ പ്ലാന്റേഷൻ വകുപ്പിനാണോ എന്ന ആശയക്കുഴപ്പമായിരുന്നു ഏറെ നാൾ ഇതിന് വിലങ്ങ് തടിയായത്. ഒടുവിൽ പ്ലാന്റേഷൻ വകുപ്പിനാണ് ഇപ്പോൾ ചുമതല നൽകിയത്. 33.7 ലക്ഷം രൂപക്ക് കഴിഞ്ഞ മാസം ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വളരെ തുച്ഛമായ കൂലിയാണ് തോട്ടം തൊഴിലാളികൾക്ക് കിട്ടുന്നത്.
അടിമാലി: മൂന്നാർ തോട്ടം മേഖലയിൽ തലോടിയും കാർഷിക മേഖലയെ അവഗണിച്ചുമുള്ള ബജറ്റിൽ ദേവികുളത്തിന് നിരാശ. മൂന്നാർ ചിത്തിരപുരത്തെ ഗവ. ഐ.ടി.ഐക്ക് കെട്ടിടം നിർമിക്കാൻ രണ്ട് കോടി, സീ പ്ലെയിൻ പദ്ധതിക്ക് 50 കോടി, മൂന്നാർ ടൗൺ ടോപ്പ് സ്റ്റേഷൻ റോഡ് നവീകരണത്തിന് മൂന്ന് കോടി, രാജമലയിൽ പുതിയ പാലത്തിന് രണ്ട് കോടി, അനച്ചാൽ - ചെങ്കുളം റോഡ് വീതികൂട്ടി നിർമിക്കാൻ രണ്ട് കോടി, മാങ്കുളം ആനകുളത്ത് ആനകളെ കാണാൻ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യത്തിനായി പവിലിയൻ ഉൾപ്പെടെ നിർമിക്കാൻ രണ്ട് കോടി, മൂന്നാർ പി.എച്ച്.സി സബ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി, മറയൂരിലെ കനാൽ നവീകരണത്തിന് അധികമായി മൂന്ന് കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.
മൂന്നാറിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ വിനോദ സഞ്ചാര മേഖലയിലേക്ക് തുറന്ന് നൽകാനുള്ള പദ്ധതിയായ കെ. ഹോം പദ്ധതിക്കായി ഒരു കോടിയാണ് അനുവദിച്ചത്. കെ. ഹോംസ് നടപ്പാക്കുന്ന സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിൽ ഒന്നാണ് മൂന്നാർ. മൂന്നാർ ടൗണിൽ നിന്നും പത്ത് കിലോമീറ്റർ ചുറ്റളവിൽ പ്രാരംഭ നിലയിൽ കണ്ടാണ് കെ. ഹോം പദ്ധതി വരുന്നത്. കഴിഞ്ഞ ബജറ്റിൽ ഫണ്ട് വകയിരുത്തിയ അടിമാലി അമ്മയും കുഞ്ഞും ജില്ല ആശുപത്രി, മൂന്നാർ സ്പെഷാലിറ്റി ആശുപത്രി എന്നിവക്ക് ഈ വർഷം ഒന്നും ഉണ്ടായില്ല. കഴിഞ്ഞ വർഷത്തെ പദ്ധതി പോലും തുടങ്ങിയിട്ടില്ല.
അടിമാലിയിൽ ഗവ. ഗസ്റ്റ് ഹൗസ്, സിവിൽ സ്റ്റേഷൻ, സ്റ്റേഡിയം എന്നിവ പ്രതീക്ഷിച്ചെങ്കിലും ബജറ്റിൽ ഒന്നും കിട്ടിയില്ല. തകർന്നടിഞ്ഞ കാർഷിക മേഖലയെ പുനരുദ്ധരിക്കാൻ ഒന്നുമില്ലാത്തത് വലിയ നിരാശയാണ് ഉണ്ടാക്കിയത്. വന്യമൃഗശല്യം, കാലവർഷം, വേനൽ എന്നിവയിൽ വലിയ നാശമാണ് കാർഷിക മേഖല നേരിട്ടത്. ക്ഷീരമേഖലക്കും ഒന്നും നീക്കി വെച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.