തൊടുപുഴ: കാർഷിക സ്വയംപര്യാപ്തതയും അതോടൊപ്പം കർഷകരുടെ വരുമാന വർധനയും ലക്ഷ്യമിട്ട് ‘കൃഷിസമൃദ്ധി’ പദ്ധതി ജില്ലയിൽ ഒരുങ്ങുന്നു. കാർഷിക സംസ്കാരം ഉണർത്തുക, ഉൽപന്നങ്ങളുടെ വിപണനവും മൂല്യവർധനയും ഉറപ്പാക്കുക, അതിലൂടെ കാർഷിക മേഖലയുടെ സമഗ്രവികസനം സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് നടപ്പാക്കുന്നത്. ജില്ലയിൽ ആദ്യഘട്ടത്തിൽ കൊന്നത്തടി, കാന്തല്ലൂർ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമാണ് പദ്ധതി ആരംഭിച്ചത്. ഇവിടങ്ങളിൽ വാർഡ്തല വിവരശേഖരണം തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു.
കൃഷി വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കതിർ ആപ്പിലൂടെയാണ് വിവരശേഖരണം. വാർഡിൽ എന്തെല്ലാം കാർഷിക വിളകളുണ്ട്, കർഷകരുടെ എണ്ണം, കൃഷി രീതികൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഇത് അനുസരിച്ച് വാർഡ്തല മൈക്രോ പ്ലാൻ തയാറാക്കും. പിന്നീട് ഇതിനെ പഞ്ചായത്ത്തല പ്ലാനാക്കി മാറ്റി ഉൽപാദന വിളനിർണയ വിപണന രേഖ തയാറാക്കും. ഉൽപാദന, സേവന, മൂല്യവർധിത കൃഷിക്കൂട്ടങ്ങളും ഉൾപ്പെടും. ആവശ്യമെങ്കിൽ ഇവയെ കോർത്തിണക്കി ഉൽപാദന സംഘങ്ങൾ (എഫ്.പി.ഒ) രൂപവത്കരിക്കും.
കതിർ ആപ്പിൽ ഇതിനകം 2000ലേറെ കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 83 മൈക്രോ പ്ലാനുകളും തയാറായി. ജൈവ സർട്ടിഫിക്കേഷനായി 21കർഷകരും അപേക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പഞ്ചായത്തിൽ ഒരേക്കറിൽ ജൈവ കൃഷിത്തോട്ടം
കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണത്തിലൂടെയാണ് പ്രവർത്തനം. സുരക്ഷിത ഭക്ഷണം, ഘട്ടംഘട്ടമായി പച്ചക്കറി ഉൾപ്പെടെ സാധ്യമായ എല്ലാ ഭക്ഷ്യവിളകളുടെയും ഉൽപാദനത്തിൽ സ്വയംപര്യാപ്തത, തരിശ് ഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കൽ, പൂകൃഷി ചെയ്യാനാവുന്ന ഭൂമി കണ്ടെത്തി മാതൃക പ്ലോട്ട് തയാറാക്കൽ, ഫ്രൂട്ട് ക്ലസ്റ്ററുകൾ, അഞ്ച് പുതിയ കർഷകരെ എങ്കിലും കൃഷിയിലേക്ക് കൊണ്ടുവരുക, മാതൃക, ഹൈടെക് കൃഷിത്തോട്ടങ്ങൾ ഒരുക്കൽ, മൂല്യവർധിത കൃഷി പ്രോത്സാഹനം തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്. പഞ്ചായത്തിൽ ഒരേക്കറിൽ ജൈവ കൃഷിത്തോട്ടം ഒരുക്കും. ഇവയുടെ ഉടമസ്ഥർക്ക് ജൈവ സർട്ടിഫിക്കേഷനും നൽകും.
ആഴ്ചച്ചന്ത മുതൽ മൂന്ന് വിപണികൾ ഉറപ്പാക്കും
പദ്ധതിയിലൂടെ ഉൽപന്നങ്ങളെ കേരള അഗ്രോ ബ്രാൻഡിന് കീഴിലേക്ക് കൊണ്ടുവരും. ജില്ലയിൽ 26 ഉൽപന്നങ്ങൾ ബ്രാൻഡിന് കീഴിലുണ്ട്. ഇക്കോ ഷോപ്, ആഴ്ചച്ചന്ത തുടങ്ങി ഒരു പഞ്ചായത്തിൽ മൂന്ന് വിപണികളെങ്കിലും ഉറപ്പാക്കും. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷിവകുപ്പിന്റെയും മറ്റുവകുപ്പുകളുടെയും പദ്ധതികളുമായുള്ള ഏകോപനത്തിലൂടെയുമാണ് തുക കണ്ടെത്തുക. 20 ശതമാനം അധികഫണ്ടും പഞ്ചായത്തുകൾക്ക് നൽകും.
ഏലകർഷകർക്ക് ആശ്വാസമായി പത്തുകോടി
ഇടുക്കി: കടുത്ത വരൾച്ചയിൽ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങിയ ഏല കൃഷി വീണ്ടെടുക്കാൻ 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ കൃഷി മന്ത്രിയും ജലവിഭവ മന്ത്രിയും സന്ദർശിച്ചിരുന്നു.
കർഷകർക്ക് ആശ്വസകരമാകുംവിധം നടപടികൾ ലളിതമാക്കാനും നാശനഷ്ടം വിലയിരുത്തുന്നത് ത്വരിത ഗതിയിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ പങ്കെടുത്ത ആലോചന യോഗം ചേർന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ മിറ്റിഗേഷൻ ഫണ്ടിൽനിന്ന് ഇപ്പോൾ തുക അനുവദിച്ചത്.
നഷ്ടപ്പെട്ടുപോയ ഏല കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് നിർദേശം കൊടുത്തിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കഴിഞ്ഞ വേനലിൽ കടുത്ത വരൾച്ച നേരിട്ട ജില്ലയിൽ പതിനയ്യായിരത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലകൃഷി നശിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സംഘം അടിയന്തര തീരുമാനമെടുത്തത്.
ജില്ലയിലെ മണ്ണ് സാമ്പിളിൽ പി.എച്ച് മൂല്യം വർധിക്കുന്നു
തൊടുപുഴ: ജില്ലയിലെ മണ്ണ് സാമ്പിളുകളിൽ പി.എച്ച് മൂല്യം വർധിക്കുന്നതായി വിലയിരുത്തൽ. പരിശോധിക്കാനെത്തുന്ന സാമ്പിളുകളിൽ 87 ശതമാനവും അസിഡിക് സോയിലാണെന്ന് ജില്ല മണ്ണ് പരിശോധന ലബോറട്ടറി അധികൃതർ പറഞ്ഞു. ഇത് കൃഷിക്ക് ഗുണകരമല്ല.
കാലാവസ്ഥ വ്യതിയാനംമൂലമുള്ള അമിത മഴയും ജില്ലയിലെ ഭൂമിയുടെ ചായ്വും രാസവളത്തിന്റെ അമിത പ്രയോഗവുമാണ് കാരണം. അമ്ലത്വമേറിയ മണ്ണിൽ സൂക്ഷമ മൂലകങ്ങളുടെ അളവ് വർധിക്കുമെങ്കിലും ചെടികൾക്ക് കൂടുതൽ ആവശ്യമുള്ള നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ ലഭ്യത കുറയും. അമിത മഴമൂലം മേൽമണ്ണ് അധികവും ഒഴുകിപ്പോകുന്നുണ്ട്. കഴിഞ്ഞവർഷം വരെ സൾഫറിന്റെ സാന്നിധ്യം പര്യാപ്തമായിരുന്നു.
ഈ വർഷം 85 ശതമാനം സാമ്പിളുകളിലും സൾഫർ അപര്യാപ്തമാണ്. ഇത് ചെടികളിൽ മഞ്ഞളിപ്പ് പോലുള്ള രോഗങ്ങൾക്കിടയാക്കും. ചെടിയുടെ വളർച്ചയെ ബാധിക്കുന്ന ഫോസ്ഫറസ് 50 ശതമാനം മണ്ണിലുമുണ്ട്. പ്രത്യുൽപാദനത്തിന് ആവശ്യമായ പൊട്ടാസ്യവും ആവശ്യത്തിന് മണ്ണിലുണ്ട്. വളർച്ചക്കും പച്ചപ്പിനും സഹായിക്കുന്ന ജൈവ കാർബൺ 88 ശതമാനത്തിലേറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.