തൊടുപുഴ: കേവലം കൗതുകത്തിനായി ആരംഭിക്കുന്ന ലഹരിയെന്ന ദുഃശീലം പടർന്ന് പന്തലിച്ച് നാടിനെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ള വിവരങ്ങൾ ഞെട്ടിപ്പിക്കുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും ഒന്നടങ്കം നശിപ്പിക്കുകയാണ്. വർധിച്ചുവരുന്ന അക്രമങ്ങളുടെ കണക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും, കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്.
ലഹരിക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസും പൊലീസും ഇതിനെതിരായി ഊർജിതമായി രംഗത്തിറങ്ങിയിട്ടുണ്ട്.വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്കിടയിൽ ലഹരിയുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ലഹരി ഉപയോഗം തടയാനും തുടർനടപടികൾ ക്തമാക്കാനും വിവിധ വകുപ്പുകൾ തീരുമാനിച്ചത്.
ലഹരി ഉപയോഗവും കടത്തും തടയാൻ എക്സൈസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.പ്രധാനമായും സ്കൂൾ പരിസരങ്ങളിലെ കടകൾ, ബസ് സ്റ്റാൻഡ് കേന്ദ്രങ്ങളിലെ ലഹരി ഇടങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലടക്കം ലഹരിവിൽപന നടക്കുന്നുണ്ട്. ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കിയത്.
എക്സൈസ് ചെക്പോസ്റ്റുകളിലെ സ്ഥിരം പരിശോധനകൾക്ക് പുറമെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും നിരീക്ഷിച്ച് വരികയാണ്. വിവിധ റേഞ്ച്, സർക്കിൾ, സ്ക്വാഡ്, എന്നീ ഓഫിസുകളിലെ ഉദ്യോഗസ്ഥരും പരിശോധനക്ക് നേതൃത്വം നൽകും. കൂടാതെ ലഹരി സംബന്ധമായ പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൺട്രോൾ റൂമും രാത്രികാല പരിശോധന ശക്തമാക്കുന്നതിനായി രണ്ട് സ്ട്രൈക്കിങ്ങ് ഫോഴ്സ് ടീമുകളും പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലടക്കം എക്സൈസ് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
ആദിവാസി,പിന്നാക്ക,തോട്ടം മേഖലകൾ എന്നിവടങ്ങളിലെ അനധികൃത മദ്യ വിൽപനക്കെതിരെയും നടപടി കടുപ്പിക്കാനാണ് എക്സൈസ് തീരുമാനം. കൂടാതെ എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനവും ഊർജിജതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.