ഇടുക്കി ഗവൺമെന്‍റ് നഴ്സിങ് കോളജ്
തൊടുപുഴ: ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ ദുരിതങ്ങൾക്ക് പരിഹാരം കാണാതെ അധികൃതരുടെ നിസ്സംഗത. വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ കുടിവെള്ളം പോലും നിഷേധിക്കുന്നുവെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തി.
താൽക്കാലിക ഹോസ്റ്റലിലെ മറ്റ് അസൗകര്യങ്ങളിൽ നട്ടം തിരിയുന്നതിനിടെയാണ് വിദ്യാർഥികൾ ഇപ്പോൾ കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടേണ്ട സ്ഥിതിയും വന്നിരിക്കുന്നത്. കുട്ടികൾക്ക് ഭക്ഷണം പോലും നല്ല രീതിയിൽ ലഭിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
കോളജിലും വേണ്ടത്ര സൗകര്യമില്ല. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. അധികൃതരുടെ നിസ്സംഗതക്കെതിരെ പി.ടി.എ ഭാരവാഹികളും വിദ്യാർഥികളും അനിശ്ചിതകാല നിരഹാരമടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകാനൊരുങ്ങുകയാണെന്ന് രക്ഷിതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമാധാനമായി പഠിക്കാൻ സൗകര്യങ്ങളില്ല
2023 നവംബർ ഒന്നിനാണ് ഇടുക്കി ഗവ. നഴ്‌സിങ് കോളജ് തുടങ്ങിയത്. പുതിയ ഒരു ബാച്ചുകൂടി ഇപ്പോൾ വന്നു. മൂന്ന് ബാച്ചുകളിലായി നൂറ്റിയെൺപതോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എന്നാൽ, സമാധാനത്തോടെ പഠിക്കാൻ വേണ്ട സൗകര്യങ്ങൾ ഒന്നുംതന്നെ കോളജിലില്ല. മെഡിക്കൽ വിദ്യാർഥികളുടെ പഴയൊരു ക്ലാസ് റൂം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകൾ ഐസൊലേഷൻ വാർഡിലും ഗൈനക്കോളജി വാർഡിലും ഇരുന്ന് പഠിക്കുന്നത്. കോളജ് ബസിന് തുക അനുവദിച്ചെങ്കിലും അതും ഇതുവരെ വാങ്ങിയിട്ടില്ല. ക്ലിനിക്കൽ പ്രാക്ടീസിന് കോട്ടയം മെഡിക്കൽ കോളജിൽ പോകണം.
ഹോസ്റ്റലിന്റെ കാര്യം അതിലും കഷ്ടമാണ്. കോളജ് തുടങ്ങിയപ്പോൾ ജില്ല ഭരണകൂടം ഹോസ്റ്റലായി ഏറ്റെടുത്ത് നൽകിയത് ഒരു സ്‌കൂളാണ്. ഇതിലെ ഒരു ക്ലാസ് മുറിയിൽ 12 മുതൽ 18 വരെ വിദ്യാർഥികളാണ് താമസിക്കുന്നത്. ഒരു സി.പി.എം പഞ്ചായത്ത് അംഗമാണ് ഹോസ്റ്റൽ മെസ് നടത്തുന്നത്.
തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് നൽകുന്നത്. കുട്ടികൾ സമരം നടത്തിയതിന് പിന്നാലെ ഭക്ഷണം കൂടുതൽ പരിതാപകരമായി. ഇതോടെ 50 കുട്ടികൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചുതുടങ്ങി. ഇവർക്ക് ഇപ്പോൾ ശുദ്ധീകരിച്ച കുടിവെള്ളം പോലും നൽകുന്നില്ല. പൈപ്പ് വെള്ളം മാത്രമാണ് ആശ്രയമെന്നും രക്ഷിതാക്കൾ പറയുന്നു.
വാഗ്ദാനങ്ങൾ പൊള്ള; തുടർ നടപടികളുമില്ല
ഇതിനെതിരെ സൂചനാസമരം നടത്തിയതിന് പിന്നാലെ മെഡിക്കൽ വിദ്യാർഥികളുടെ പൈനാവിലെ പഴയ ഹോസ്റ്റൽ ഹോസ്റ്റൽ വിദ്യാർഥികൾക്ക് വിട്ടുനൽകാൻ ഡി.എം.ഒ നിർദേശം നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇതുവരെയും അതിന് തയാറായിട്ടില്ല.
കഴിഞ്ഞ മാസം വിദ്യാർഥികളും പി.ടി.എയും അനിശ്ചിതകാല സമരം തുടങ്ങി. കലക്ടർ ഇടപെട്ട് പൈനാവിലെ ഹോസ്റ്റൽ പെൺകുട്ടികൾക്ക് അനുവദിക്കാനും എഫ് ടൈപ്പ് ക്വാർട്ടേഴ്‌സുകൾ ആൺകുട്ടികൾക്ക് നൽകാനും തീരുമാനിച്ചിരുന്നു. അതും നടപ്പാകാത്ത സാഹചര്യത്തിലാണ് സമരത്തിന് ഒരുങ്ങുന്നതെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിന് കലക്ടർ ഇടപെട്ട് തീരുമാനങ്ങൾ എടുത്തെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് സൂപ്പർ കലക്ടറെപ്പോലെയാണ് പെരുമാറുന്നത്. പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം കൂടെ നിൽക്കുമെങ്കിലും ഒരു ശ്രമവുമുണ്ടായില്ല.
കഴിഞ്ഞ വർഷം പുതിയ ബാച്ചിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് സന്ദർശനം നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞു. ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ഡീൻ കുര്യാക്കോസ് എം.പിക്ക് ആറോളം നിവേദനം നൽകി. ഒരു കാര്യവുമുണ്ടായില്ലെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജോൺ മാത്യു, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.ആർ. രാജിമോൾ, വി.കെ. സലിംകുമാർ, പി.എസ്. ഷീജാമോൾ, കെ.എസ്. ബേബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.