തൊടുപുഴ: സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് രണ്ട് മാസത്തേക്ക് പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഉദ്യാനം അടച്ചിടുന്നത്. ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടച്ചത്.
ഏതാനും ദിവസമായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു. വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചത്. പ്രജനനകാലത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന് അടച്ച് ഏപ്രിൽ ഒന്നിനാണ് തുറന്നത്.
ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കാണ് ഇരവികുളം ദേശീയോദ്യാനത്തിൽ അനുഭവപ്പെട്ടത്. മൂന്നാറിൽ കഴിഞ്ഞ ദിവസം താപനില വീണ്ടും പൂജ്യത്തിലെത്തിയിരുന്നു. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് താപനില പൂജ്യത്തിലെത്തിയത്.
ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലന്റ്വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
കേരളത്തിൽ ഏറ്റവുമധികം വരയാടുകളുള്ളത് രാജമലയിലാണ്. രാജമലയിലെ 97 ചതുരശ്രമൈൽ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം. സമുദ്രനിരപ്പിൽനിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. വരയാടുകളുടെ സംരക്ഷണം മുൻനിർത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വരയാടുകൾ വംശനാശം നേരിട്ടതോടെയാണ് പ്രജനനകാലത്ത് ദേശീയോദ്യാനത്തിലേക്ക് സഞ്ചാരികളുടെ വരവ് വനംവകുപ്പ് നിയന്ത്രിച്ചത് തുടങ്ങിയത്. ഒരു സീസണിൽ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. 30 വയസ്സാണ് ഇവയുടെ ശരാശരി ആയുസ്സ്.
കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുക. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തുവരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. പാർക്കിന്റെ ഉൾപ്രദേശങ്ങളിൽ അടുത്തയിടെ പത്തിലേറെ വരയാടിൻകുഞ്ഞുങ്ങൾ പിറന്നിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.