സ്കൂൾ പരിസരങ്ങളിലെ കടകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന പരിശോധന
തൊടുപുഴ: സ്കൂൾ-കോളജ് പരിസരങ്ങളിലെ ലഹരി ലഭ്യത കണ്ടെത്തുന്നതിനായി സ്പെഷൽ ഡ്രൈവ്. ജില്ലയിലെ മുഴുവൻ സ്കൂൾ-കോളജ് പരിസരങ്ങളിലും പൊലീസ്, എക്സൈസ്, തൊഴിൽ വകുപ്പുകളുടെയും ചൈൽഡ് ലൈനിന്റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം സ്പെഷൽ ഡ്രൈവ് നടത്തിയത്. സ്കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് ലഹരി ഉൽപന്നങ്ങൾ വിൽക്കുകയും വിദ്യാർഥികളെ ഇടനിലക്കാരാക്കി കച്ചവടം നടത്തുകയും ചെയ്യുന്നതായ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലായിരുന്നിത്. ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധികളിലെയും സ്കൂളുകളുടെ കണക്കെടുത്തായിരുന്നു പരിശോധന.
ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതെന്നും അധികൃതർ പറഞ്ഞു. ഇടുക്കി ജില്ല ജഡ്ജിന്റെ അധ്യക്ഷതയിൽ കൂടിയ ജെ.ജെ കമ്മിറ്റി തീരുമാനപ്രകാരം കുട്ടികളെ ചൂഷണങ്ങളിൽനിന്ന് മോചിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടികളുമായി അധികൃതർ രംഗത്തിറങ്ങിയത്. ഡിവൈ.എസ്.പി, എക്സൈസ് ഡെപ്യൂട്ടി കമീഷ്ണർ, ചൈൽഡ് ലൈൻ കോഓഡിനേറ്റർ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരുടെ കൂടി ആലോചനകൾക്ക് ശേഷമാണ് വ്യാഴാഴ്ച രാവിലെ പത്തിന് എല്ലാ സ്കൂൾ പരിസരങ്ങളിലും നടപടി ആരംഭിച്ചത്.
വിവിധ വകുപ്പുകളിൽനിന്നുള്ള പ്രതിനിധികൾ വിവിധ സ്കൂൾ പരിസരങ്ങളിൽ നടന്ന പരിശോധനയിൽ അംഗങ്ങളായി. പരിശോധനയിൽ ചിലയിടങ്ങളിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളടക്കം കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കുകയും കടകളിൽ ബോധവത്കരണമടക്കം സംഘടിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം കുട്ടികൾ സ്കൂളിനു സമീപത്തെ ചില കടകളിൽ തങ്ങളുടെ മൊബൈലുകൾ സൂക്ഷിക്കാൻ നൽകുന്നതും ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും ശ്രദ്ധയിൽപെട്ടതുമായ സാഹചര്യത്തിൽ ഇതും പരിശോധനക്ക് വിധേയമാക്കി.
പണം വാങ്ങി കടകൾ മൊബൈലുകൾ സൂക്ഷിക്കുന്നുവെന്നാണ് വിവരം. ഇത് പിന്നീട് ചൂഷണത്തിനടക്കം ഇടയാക്കുന്നതായും പരാതികളുയർന്നിട്ടുണ്ട്. ഇതുകൂടാതെ ബാലവേല, ബാലചൂഷണം എന്നിവയുമായി ബന്ധപ്പെട്ട പരിശോധനയും ഡ്രൈവിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.