ചീ​നി​ക്കു​ഴി കൂ​ട്ട​ക്കൊ​ല​; കൊടുംക്രൂരതക്ക്​ തൂക്കുകയർ

 തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോൾ പഴയ ഓർമകളുടെ നെടുവീർപ്പിലാണ് ഒരുനാട്. 2022 മാർച്ച് 19ന് പുലർച്ച 12.30ന് ചീനിക്കുഴി ഗ്രാമം ഞെട്ടിയെഴുന്നേറ്റത് മനഃസാക്ഷിപോലും മരവിക്കുന്ന ദാരുണസംഭവം കേട്ടാണ്. സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, ഉറങ്ങിക്കിടന്ന മകനെയും മകന്‍റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും ജനൽവഴി കിടപ്പുമുറിയിലേക്ക് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് വീടിന് തീകൊളുത്തി കൊന്നുവെന്നത് വിശ്വസിക്കാൻപോലും ആർക്കും കഴിഞ്ഞില്ല.

ചീനിക്കുഴിയിൽ മെഹ്‌റിൻ സ്റ്റോഴ്സെന്ന പേരിൽ പലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയുമാണ് പിതാവ് ഹമീദ് അരുംകൊല ചെയ്തത്. സംഭവമറിഞ്ഞ് എത്തിയവർ കണ്ടത് കത്തിയമർന്ന വീടും അതിനുള്ളിൽ കത്തിയമർന്ന നാല് ജീവനും.

ഇന്നും നാട്ടുകാർ ഇതുവഴി പോകുമ്പോൾ കാടുകയറിയ വീടും കത്തിക്കരിഞ്ഞ ഭിത്തികളും നെടുവീർപ്പോടെയാണ് നോക്കിക്കാണുന്നത്. ആർക്കും വിശ്വസിക്കാൻപോലും കഴിയാത്ത ക്രൂര കൊലപാതകമായിരുന്നു ആലിയക്കുന്നേൽ വീട്ടിൽ ഹമീദ് നടത്തിയത്.

കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്കുമുമ്പ് ഹമീദ് ഫൈസലിന് ഇഷ്ടദാനം നൽകിയതാണ്. മരണംവരെ ഹമീദിന് വസ്തുവിന്റെ ആദായമെടുക്കാനും ഒപ്പം ചെലവിന് നൽകാനും തയാറാകണമെന്ന് നിബന്ധനയുണ്ടായിരുന്നു. മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് ഹമീദ് എന്നും വീട്ടിൽ വഴക്കുണ്ടാക്കി.

സ്ഥലം തിരികെനൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതുസംബന്ധിച്ച് ഫൈസൽ പൊലീസിൽ പരാതിയും നൽകിയതാണ്. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും വീടിന്റെ ഒറ്റമുറിയിലായിരുന്നു താമസം. ഹമീദ് മറ്റൊരു മുറിയിലും. വളരെ ആസൂത്രിതമായിരുന്നു കൊലപാതകം.

ടാങ്കിലെ വെള്ളവും മോട്ടോറിന്‍റെ വൈദ്യുതിയും വിച്ഛേദിച്ചു

കൊലപാതകം ആസൂത്രിതമാണെന്ന് ശാസ്ത്രീയ തെളിവുകള്‍ നിരത്തി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകനെയും കുടുംബത്തെയും കൊലപ്പെടുത്താല്‍ രണ്ടുദിവസംമുമ്പ് തന്നെ പ്രതി പെട്രോള്‍ വാങ്ങിവെച്ചു. വീട് മുഴുവന്‍ കത്തുമെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും ഭൂമിയുടെ രേഖകളും ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്റെ വീട്ടില്‍ എത്തിച്ചു.

പെട്രോളിന്റെ ജ്വലനശേഷിയെക്കുറിച്ച് മനസ്സിലാക്കി അരലിറ്ററിന്റെ കുപ്പികളിൽ പകുതിഭാഗം മാത്രം പെട്രോൾ നിറച്ച് മുകളിൽ തുണി തിരുകി. കൊലപാതകത്തിനുമുമ്പ് പെട്രോള്‍ ഒഴിക്കുന്നതും തീയിടുന്നതും പരിശീലിച്ചു. അങ്ങനെ കൊടുംക്രൂരതകള്‍ വിവരിക്കുന്നതാണ് 1200 പേജ് വരുന്ന കുറ്റപത്രം.

പെട്രോളുമായി വീട്ടിലെത്തിയ ഹമീദ്, ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിവിട്ടശേഷം സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. ഇതിനുശേഷം 12.30ന് ഫൈസലും കുടുംബവും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി പുറത്തെത്തി തിരിത്തുണിയിട്ട രണ്ട് പെട്രോൾ നിറച്ച കുപ്പികൾ തീകൊടുത്ത് ജനൽവഴി മുറിക്കുള്ളിലേക്കെറിഞ്ഞു. ഞെട്ടിയുണർന്ന ഫൈസലും കുടുംബവും ഉടൻ മുറിയോടുചേർന്ന ബാത്ത്‌റൂമിൽ കയറിയെങ്കിലും തീയണക്കാൻ വെള്ളമുണ്ടായിരുന്നില്ല.

പ്രതികാരദാഹിയായി ഹമീദ്; തുടരെ പെട്രോൾകുപ്പികൾ എറിഞ്ഞു

ഈസമയം പ്രതികാരദാഹിയായി ഹമീദ് പുറത്ത് നിലയുറപ്പിച്ചു. തീപടരുന്നതിനിടെ പിൻവാതിലിലൂടെ അകത്തുകയറിയ അയൽവാസി രാഹുലിനെ ഹമീദ് തള്ളിമാറ്റി. രാഹുലുമായി കൈയാങ്കളി നടത്തി പുറത്തിറങ്ങിയശേഷം, പിൻഭാഗത്തെ ജനലിലൂടെ വീണ്ടും രണ്ടുകുപ്പി പെട്രോൾകൂടി മുറിക്കുള്ളിലേക്ക് എറിഞ്ഞു.

ഇതിനുശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇതിനകം സമീപവാസികളും സ്ഥലത്തെത്തിയെങ്കിലും അഗ്നിബാധമൂലം ആർക്കും മുറിയിൽ പ്രവേശിക്കാനായില്ല. തുടർന്ന് വീട്ടിലെ മോട്ടോർ ഓണാക്കി ടാങ്കിൽ വെള്ളമടിച്ചാണ് തീകെടുത്തിയത്.

ചീ​നി​ക്കു​ഴി​യി​ൽ കൂ​ട്ട​​ക്കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്​ 

അപ്പോഴേക്കും കുടുംബാംഗങ്ങൾ കുളിമുറിക്കുള്ളിൽ മരിച്ചനിലയിലായിരുന്നു. രണ്ട് പെൺമക്കളെയും ഇരുകൈകൾകൊണ്ടും പൊതിഞ്ഞുപിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം. വിദ്യാര്‍ഥികളായ മെഹറിന്റെയും അസ്‌നയുടെയും കത്തിക്കരിഞ്ഞ പുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ദുരന്തസ്ഥലത്തെ കരള്‍നുറുക്കുന്ന കാഴ്ചയായി.

സംഭവശേഷം സമീപത്തെ ബന്ധുവീട്ടിലെത്തിയ ഹമീദ് വീടിന് തീപിടിച്ചെന്ന് അറിയിച്ചു. ഹമീദും കുടുംബാംഗങ്ങളും തമ്മിലുള്ള തർക്കമറിയാവുന്ന വീട്ടുകാർ പൊലീസിൽ ഫോൺ ചെയ്യുന്നതിനിടെ പ്രതി അവിടെ നിന്നിറങ്ങി. കരിമണ്ണൂർ പൊലീസെത്തിയാണ് പിന്നീട് പിടികൂടിയത്. 

ഭാവഭേദമില്ലാതെ ഹമീദ്

തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വധശിക്ഷ വിധിക്കുമ്പോഴും പ്രതി ഹമീദിന് ഒരു ഭാവവ്യത്യാസവും മുഖത്തുണ്ടായിരുന്നില്ല.

കൃത്യം രണ്ടുമണിയോടെ കോടതിയിൽ എത്തിയ ഹമീദ് പ്രതിക്കൂട്ടിൽ സ്റ്റൂളിൽ ഇരുപ്പുറപ്പിച്ചു. കോടതി തുടങ്ങാനായി അലാറം മുഴങ്ങിയതോടെ മറ്റുള്ളവർക്കൊപ്പം ഹമീദും എഴുന്നേറ്റു. ജഡ്ജി എത്തിയപ്പോഴും തികച്ചും നിര്‍വികാരനായി ഭാവഭേദമില്ലാതെ വിധിക്കായി കാത്തുനിന്നു. രണ്ട് മണിയും മൂന്ന് മിനിറ്റും ആയപ്പോൾ വിധി പ്രഖ്യാപിച്ചു. അത് കേട്ടപ്പോഴും ഭാവഭേദം ഉണ്ടായില്ല.

വിധിപറഞ്ഞയുടൻ അത് വിശദീകരിക്കാനും അപ്പീല്‍ നല്‍കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി കോടതിയിലെതന്നെ മറ്റൊരു മുറിയിലേക്ക് അഭിഭാഷകർക്കൊപ്പം നടന്നുനീങ്ങി. വിധിപ്പകർപ്പ് ഒപ്പിടാൻ വൈകീട്ട് ആറുവരെ കോടതിയിൽതന്നെ കഴിച്ചുകൂട്ടി. ശേഷം അവിടെനിന്ന് മുട്ടം ജയിലിലേക്ക് ഹമീദിനെ കൊണ്ടുപോയി.

നീതിന്യായ വ്യവസ്ഥയോട് കടപ്പാട് -കൊല്ലപ്പെട്ട സീബയുടെ സഹോദരൻ

തൊടുപുഴ: ഹമീദിന് കോടതി വധശിക്ഷ വിധിച്ചതിൽ നീതിന്യായ വ്യവസ്ഥയോട് കടപ്പാടുണ്ടെന്ന് കൊല്ലപ്പെട്ട സീബയുടെ സഹോദരൻ വി.എ. സൈജു. സൈജുവിന്‍റെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട സീബ. മങ്കുഴിയിൽ താമസിച്ചിരുന്ന സൈജുവിന്‍റെ മക്കളും കൊല്ലപ്പെട്ട സീബയുടെ മക്കളും ഒരുസ്കൂളിലാണ് പഠിച്ചിരുന്നത്.

കൊല്ലപ്പെട്ട സീബയുടെ സഹോദരൻ സൈ​ജു

‘‘അവരുടെ വേർപാടിൽനിന്ന് തനിക്കും തന്‍റെ മക്കൾക്കും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനുശേഷം നീറിനീറിക്കഴിഞ്ഞാണ് ഒരുവർഷം തികയുംമുമ്പ് പിതാവും ഞങ്ങളെ വിട്ടുപോയത്. സീബയുടെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു പുതിയ വീട്ടിലേക്ക് മാറിത്താമസിക്കുക എന്നത്. അതിനുപോലും അനുവദിക്കാതെയാണ് അയാൾ ആ കൊടും ക്രൂരത ചെയ്തത്’’ -സൈജു പറഞ്ഞു. സീബയുടെ പേരിലുള്ള പുതിയ വീട്ടിൽ ഇപ്പോൾ സൈജുവും കുടുംബവുമാണ് താമസിക്കുന്നത്.

Tags:    
News Summary - Cheenikuzhi massacre; death penalty for cruelty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.