തൊടുപുഴ: 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടിൽ സ്വകാര്യ ബസുകൾക്കുള്ള പെർമിറ്റ് റദ്ദാക്കുന്നത് ജില്ലയിൽ കടുത്ത യാത്രാക്ലേശം സൃഷ്ടിക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വന്നാൽ 29ഓളം സർവിസ് നിലക്കും. ജില്ലയിലെ പൊതുഗതാഗത രംഗത്ത് സ്വകാര്യ ബസ് സർവിസുകളാണ് കൂടുതലും. ഉൾനാടൻ ഗ്രാമങ്ങളിൽനിന്ന് ദീർഘദൂര സർവിസുകൾ നടത്തുന്നതിൽ ഭൂരിപക്ഷവും സ്വകാര്യ ബസുകളാണ്. നിലവിൽ ആലുവ-കാന്തല്ലൂർ, കോട്ടയം-കാന്തല്ലൂർ, എറണാകുളം-വട്ടവട, എറണാകുളം-കട്ടപ്പന-കുമളി, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിറ്റാണ്ടുകളായുള്ള രാത്രിവണ്ടികൾ അടക്കം ബസുകൾ ഓട്ടം നിർത്തേണ്ടി വരും.
കുമളി-എറണാകുളം, എറണാകുളം-നെടുങ്കണ്ടം, തുടങ്ങി വിവിധ റൂട്ടുകളിലെ ബസുകൾ ഓട്ടം നിർത്തിയാൽ ഹൈറേഞ്ചിലെ യാത്രാക്ലേശം ഇരട്ടിയാകും. വട്ടവട പോലെ അവികസിത ഉൾനാടൻ പ്രദേശത്ത് വില്ലേജ്, പഞ്ചായത്ത്, ഹെൽത്ത്, ട്രൈബൽ, വകുപ്പുകളിൽ ജോലി ചെയ്യുന്നവരുടേതടക്കം ഏക ആശ്രയമായ ഇത്തരം സ്വകാര്യ സർവിസുകൾ ഇല്ലാതാവുന്നതോടെ ആ ഗ്രാമങ്ങളെ തീർത്തും ഒറ്റപ്പെടുത്തും. ബദൽ മാർഗങ്ങൾ ഒരുക്കുകയോ യാത്രാക്ലേശത്തെപ്പറ്റി വാഹന വകുപ്പോ സർക്കാറോ പഠിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.
പ്രത്യേകിച്ച് വാർഷിക പരീക്ഷകളും മറ്റും നടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും കടുത്ത പ്രതിസന്ധിയിലാകും. ഇടുക്കി ജില്ലയിൽ ഇത് നടപ്പാക്കുമ്പോൾ 140 കിലോമീറ്റർ അവസാനിക്കുന്നത് ഏതെങ്കിലും വനമേഖലയിലാകും. റൂട്ട് ദേശ സാത്കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ഒക്ടോബറിൽ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ബുദ്ധിമുട്ടും യാത്രാക്ലേശവും പരിഗണിച്ച് പിന്നീട് ഇത് നാലുമാസത്തേക്ക് നീട്ടി. ഈ കാലാവധിയാണ് ചൊവ്വാഴ്ച അവസാനിക്കുന്നത്. കാന്തല്ലൂരില്‍നിന്ന് എറണാകുളത്തേക്ക് പുലർച്ച മൂന്നിന് പുറപ്പെടുന്ന ബസിൽ കാന്തല്ലൂര്‍, കീഴാന്തൂര്‍, പയസ് നഗര്‍ മേഖലയില്‍നിന്നും നിരവധി വിദ്യാർഥികളും എറണാകുളം മേഖലയില്‍ ജോലി ചെയ്യുന്നവരുമൊക്കെയുണ്ടാകും.
എറണാകുളം-കാന്തല്ലൂർ 190 കിലോമീറ്ററാണ്. പുതിയ ഉത്തരവനുസരിച്ച് ബസുകൾ മൂന്നാർ കഴിയുമ്പോൾ വനപ്രദേശത്ത് സർവിസ് അവസാനിപ്പിക്കേണ്ടി വരും. ഇടുക്കി, കട്ടപ്പന, അടിമാലി റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളുടെ ഓട്ടം പ്രധാനമായും നിലക്കും. എറണാകുളം-കുമളി റൂട്ടിലോടുന്ന ബസ് കട്ടപ്പന എത്താതെ നാരകക്കാനത്ത് സർവിസ് അവസാനിപ്പിക്കേണ്ടി വരും. കുമളയിൽനിന്ന് എറണാകുളത്തേക്കുള്ള ബസ് പെരുമ്പാവൂരിനടുത്ത് സർവിസ് നിർത്തേണ്ടിവരും. ഇനി താൽക്കാലിക പെർമിറ്റ് അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചത് ഇടുക്കിയെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയുടെ പ്രത്യേക സാഹചര്യവും പരീക്ഷാക്കാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സർക്കാറിന് നിവേദനം നൽകിയിട്ടുണ്ടെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.