തൊടുപുഴ: ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മൂന്ന് പഞ്ചായത്തുകളിലെ 80ൽ അധികം പന്നികളെ കൊന്നൊടുക്കി. കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ രോഗം സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. ചീഫ് വെറ്ററിനറി ഓഫിസര്‍ കുര്യന് കെ. ജേക്കബിന്റെ നേതൃത്വത്തിലുളള പ്രത്യക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിപണി വിലയുടെ 80 ശതമാനം നഷ്ടപരിഹാരമായി നല്‍കുമെന്ന് ഉറപ്പുനല്‍കിയാണ് പന്നികളെ കൊന്നത്. ജഡം സമീപത്തുതന്നെ മറവുചെയ്തു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍നിന്നും പന്നികളെ കടത്തിക്കൊണ്ട് പോകാതിരിക്കാന്‍ വകുപ്പ് പൊലീസിന്റെ സഹായം തേടി.
കഴിഞ്ഞ ദിവസം വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളിലായി പന്നികള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയിൽപെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇവയുടെ രക്തസാമ്പിൾ ബംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് പന്നികളെ ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിച്ചത്. കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഒമ്പത് വാര്‍ഡ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ദയാവധ നടപടികള്‍ക്കായി കലക്ടറുടെ നിര്‍ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, തദ്ദേശ സ്ഥാപന അധികൃതര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപവത്കരിച്ചിരുന്നു. പന്നിപ്പനി കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി. എന്നാല്‍, ഹൈറേഞ്ചിലടക്കം നിരവധിയിടങ്ങളില്‍ രോഗം വ്യാപിച്ചിട്ടുണ്ടെന്നാണ് മൃഗ സംരക്ഷണവകുപ്പ് പറയുന്നത്.
പന്നികള്‍ ചാകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്കുന്ന നിർദേശം. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് കരിമണ്ണൂര്‍, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലായി 262 പന്നികളെ കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.