തൊടുപുഴ: വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ‘സൂക്ഷിച്ചു പോണേ’ എന്ന ഒരു ഓർമപ്പെടുത്തലുണ്ടാകും. അല്ലെങ്കിൽ പുറത്തേക്കു പോകുന്ന ആളെ നോക്കി വാതിൽക്കൽനിന്ന് ‘ആപത്തൊന്നും വരുത്തല്ലേ’യെന്ന മൗനമായ ഒരു പ്രാർഥന. ഈ ഓർമപ്പെടുത്തലും പ്രാർഥനകളും ഫലംകാണാതെ പോകുന്നു എന്നാണ് ജില്ലയിലെ റോഡുകളിൽ പൊലിയുന്ന മനുഷ്യജീവനുകൾ നൽകുന്ന കണക്കുകൾ. അറിഞ്ഞോ അറിയാതെയോ ജില്ലയിൽ ഓരോ വർഷവും നൂറുകണക്കിന് ജീവനാണ് നിരത്തിൽ പൊലിയുന്നത്.
ശരാശരി ഒരുമാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ഇതിൽ മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണ്. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജില്ലയിൽ 381 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 46 പേർ മരിച്ചു.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൊടുംവളവുകളും കുത്തിറക്കങ്ങളും അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഹൈറേഞ്ചിലെ മിക്ക റോഡുകൾക്കും ആവശ്യമായ വീതിയോ ഇരുവശത്തും സംരക്ഷണഭിത്തിയോ ഇല്ല.
അപകടസാധ്യതയേറിയ മേഖലകളിൽപോലും വേണ്ടത്ര അപകടസൂചന ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വാഹന ഡ്രൈവർമാർക്ക് പലപ്പോഴും ഹൈഞ്ചേിലെ റോഡുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകട മരണ നിരക്ക് കൂടിയ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മദ്യപിച്ചുള്ള ഡ്രൈവിങ്, ഉറക്കമിളച്ചുള്ള ഡ്രൈവിങ്, രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മത്സരയോട്ടം തുടങ്ങിയവ പലപ്പോഴും അപകടങ്ങള്‍ക്കു വഴിതെളിക്കുന്നു. നാലുമാസത്തിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിൽ പിടികൂടിയ കേസുകൾ 2292 ആണ്. അമിത വേഗവുമായി ബന്ധപ്പെട്ട് 1841 കേസും എടുത്തു.
വാഹനമോടിക്കുന്നതിനിടെ മൈബൈൽ ഫോൺ ഉപയോഗിച്ചതിന് 122 കേസാണ് എടുത്തത്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപെടുന്നതെന്നു പൊലീസ് പറയുന്നു. ജില്ലയിലെ മലയോര റോഡുകളടക്കം ഗതാഗത യോഗ്യമായതോടെ ഇവിടെ നടക്കുന്ന സാഹസിക യാത്രകളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
റോഡുകളിൽ അപകടങ്ങൾ പതിവായ മേഖലകളെയാണ് ബ്ലാക്ക് സ്പോട്ടായി കണക്കാക്കി മുന്നറിയിപ്പു ബോർഡുകളും സിഗ്നലുകളും സ്ഥാപിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ ഉയർന്ന അപകടസാധ്യത മേഖലകളുണ്ട്. ഇതോടൊപ്പം സാധാരണ അപകടസാധ്യതയുള്ള സ്ഥലങ്ങളുമുണ്ട്. ഇവിടങ്ങളിലെ മുന്നറിയിപ്പ് ബോർഡുകൾപോലും പലരും കാണുന്നില്ല.
അപകടങ്ങളിലെ പ്രധാന വില്ലനായി ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ‘ബ്ലൈൻഡ് സ്പോട്ടുകളുമുണ്ട്. അമിതവേഗവും ലഹരിയും പോലെ അപകടങ്ങളിലെ പ്രധാന വില്ലനാണു ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ‘ബ്ലൈൻഡ് സ്പോട്ട്. ‘നമ്മുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തുന്ന മറ്റൊരു വാഹനത്തെ കണ്ണാടിയിലൂടെ കാണാൻ സാധിക്കാത്ത സ്ഥലങ്ങളാണു ബ്ലൈൻഡ് സ്പോട്ട്.
അടിമാലി: അടിമാലി മേഖലയിൽ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പത്തുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ മച്ചിപ്ലാവ്-തലമാലി റോഡിൽ ട്രാവലർ മറിഞ്ഞ് അഞ്ച് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ബംഗളൂരുവിൽനിന്ന് ആനകുളത്തിൽ എത്തിയ ശേഷം തിരിച്ച് വരുന്നതിനിടെ മച്ചിപ്ലാവിൽ ഇറക്കത്തിൽ നിയന്ത്രണംവിട്ടാണ് അപകടം. പല്ലവി (22), സുപ്രിയ ( 29), തേജവാണി (25), മധു സാമങ്ക് (28), സഹാഖ് (29), രവി ശങ്കാങ്ക് എന്നിവർക്കാണ് പരിക്കേറ്റത്.
മാങ്കുളം കോഴിയള കുടിയിൽ മറിഞ്ഞ ജീപ്പ്
കല്ലാർകുട്ടിയിൽ കാർ ഡാമിലേക്ക് മറിഞ്ഞ് വനം വകുപ്പ് ജീവനക്കാരന് പരിക്കേറ്റു. മുക്കുടം സെക്ഷനിലെ ഫോറസ്റ്റ് ഓഫിസർ സജീവനാണ് (46) പരിക്കേറ്റത്. പ്രദേശവാസികളും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
മേയ്ദിനത്തിൽ മാങ്കുളത്തും ജീപ്പ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. മാങ്കുളം കോഴിയള കുടിയിലാണ് വാഹനം അപകടത്തിൽപെട്ടത്. പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.