തൊടുപുഴ: ‘മാസങ്ങൾ മുമ്പാണ് ആ വയോധിക അധികൃതരുടെ സഹായം തേടിയെത്തിയത്. മുഖം മുഴുവൻ ആസിഡ് വീണ് പൊള്ളലേറ്റ അവസ്ഥയായിരുന്നു. മകനായിരുന്നു പ്രതി. കേസ് കോടതിയിലേക്ക് എത്തി. അവർ മൊഴിമാറ്റി.
സ്നേഹം കാരണം മകൻ ശിക്ഷിക്കപ്പെടുന്നത് കാണാനാകില്ലെന്നായിരുന്നു മറുപടി. ജയിലിൽ അടക്കാതെ മകനെ നന്നാക്കിയെടുക്കലാണ് ആവശ്യം’ ഇത്തരം നിരവധി പേരാണ് സാമൂഹികനീതി വകുപ്പിലും പൊലീസ് സ്റ്റേഷനുകളിലും ഇപ്പോൾ എത്തുന്നത്.
വൃദ്ധസദനങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുന്നു. സർക്കാറും വിവിധ സന്നദ്ധ സംഘടനകളും നടത്തുന്നതും അടക്കം 27 വൃദ്ധസദനങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇവയിൽ നിലവിൽ 768 അന്തേവാസികളുണ്ട്. തൊടുപുഴ മുതലക്കോടത്തുള്ള സർക്കാർ വൃദ്ധസദനത്തിൽ 40ഓളം പേരാണ് ഉള്ളത്. ഇതല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നവ വേറെയുമുണ്ട്.
വൃദ്ധസദനങ്ങളിലാക്കാൻ സഹായം തേടിയെടുത്തുന്നവരുടെ എണ്ണം കൂടി വരുകയാണെന്ന് സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. രണ്ടുപേരും ജോലിക്ക് പോകുന്ന കുടുംബങ്ങളിലും സ്വത്ത് ഭാഗം ചെയ്ത കുടുംബങ്ങളിലുമുള്ളവരുമാണ് കൂടുതലായും പുറംതള്ളപ്പെടുന്നത്. മുതലക്കോടത്ത് അനധികൃതമായി പ്രവർത്തിച്ച വൃദ്ധസദനത്തിലെ അന്തേവാസികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് നടത്തിപ്പുകാരൻ വിദേശത്തേക്ക് മുങ്ങിയ സംഭവവും കഴിഞ്ഞ ദിവസമുണ്ടായി.
ലഹരി ഉപയോഗം, സ്വത്ത് കൈമാറ്റം, രോഗം, കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ വയോധികരെ ഒഴിവാക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ജില്ലയിൽ വയോധികർ ഉപേക്ഷിക്കപ്പെടുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ലഹരി ഉപയോഗം തന്നെയാണ്. മദ്യത്തിനൊപ്പം ലഹരിമരുന്നിന്റെ ഉപയോഗം കൂടി വർധിച്ചതോടെ വയോധികർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരി മരുന്ന് ഉപയോഗത്തിന് പണം നൽകാത്തതിന്റെ പേരിലും ലഹരിക്ക് അടിമയായ ആക്രമണങ്ങൾ നടത്തുന്നു.
ജില്ലയിൽ ലഹരി മോചനത്തിന് സർക്കാർ സംവിധാനങ്ങളും കാര്യമായില്ല. ലഹരി മോചനത്തിന് മാത്രമായി രണ്ട് സമ്പൂർണ സ്ഥാപനങ്ങളും മൂന്ന് ആശുപത്രികളിൽ വാർഡുകളുമാണുള്ളത്. ജില്ല ആശുപത്രിയിലെ വിമുക്തി വാർഡാണ് സർക്കാർ സംവിധാനത്തിൽ ആകെയുള്ളത്.
മയക്കുമരുന്നുകൾക്ക് അടിമകളാകുന്നവരെ മോചിപ്പിപ്പിക്കാൻ ഇവിടെ കാര്യമായ സംവിധാനം ഇല്ല. ഇത്തരക്കാർക്ക് രണ്ടുവർഷം വരെ തുടർച്ചയായി ചികിത്സ വേണ്ടി വരും. ഇതിനുള്ള സൗജന്യ സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കുട്ടികളുടെ ലഹരി മോചനത്തിനും ജില്ലയിൽ ഔദ്യോഗിക സംവിധാനമില്ല.
സ്വത്ത് ലഭിച്ച ശേഷം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾക്കായി സ്വത്ത് ഭാഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. സ്വത്ത് കൈമാറുന്ന ആധാരത്തിൽ ‘തങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥ’ ഉൾപ്പെടുത്തി മാത്രം കൈമാറ്റം ചെയ്യണം.
ഇത്തരത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തിയാൽ മാത്രമാണ് മക്കൾ സംരക്ഷിച്ചില്ലെങ്കിൽ സ്വത്ത് തിരികെ ലഭിക്കാൻ സാധിക്കൂ. പ്രായപൂർത്തിയായ മക്കൾ, സ്വത്തിന് അവകാശികളായ പേരക്കുട്ടികൾ അടക്കം ബന്ധുക്കൾ എന്നിവർ വയോധികരെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ്. സംരക്ഷിക്കുന്നില്ലെങ്കിൽ ദേവികുളത്തും ഇടുക്കിയിലുമുള്ള ട്രൈബ്യൂണലുകളെ സമീപിക്കാം. ജീവനാംശ ഉത്തരവ് പ്രകാരം 10,000 രൂപ ലഭിക്കുന്നതാണ്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിച്ച ‘പകൽവീടുകൾ’ ഉഷാറായാൽ നിലവിൽ വയോധികർ അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ജില്ലയിലെ 52 പഞ്ചായത്തുകളിൽ ബഹുഭൂരിഭാഗവും പകൽവീടുകൾ ഒരുക്കിയെങ്കിലും കാര്യമായി പ്രയോജനം ചെയ്യാത്ത അവസ്ഥയാണ്. പല പകൽവീടുകളും വയോധികർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിലാണ്. പലയിടത്തും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. പകൽവീടുകൾ കാര്യക്ഷമമാക്കിയാൽ രണ്ടുപേരും ജോലിക്ക് പോകുന്ന വീടുകളിലെ വയോധികർക്ക് വലിയ ആശ്വാസമാകും. ഒറ്റപ്പെടൽ ഒഴിവാകുന്നതിനൊപ്പം സുരക്ഷിതത്വം ഉറപ്പാക്കാനുമാകും.
ജില്ലയിലെ എട്ട് പകൽവീടുകളിൽ കെയർ ടേക്കർമാരുടെ ശമ്പളത്തിന്റെ പകുതിയായ 7000 രൂപ സാമൂഹിക നീതി വകുപ്പ് നൽകുന്നുണ്ട്. ഇവിടങ്ങളിൽ വലിയ കുഴപ്പമില്ലാതെ പ്രവർത്തനവും നടക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പകൽവീടുകൾ സജീവമാക്കാനുള്ള നടപടിയാണ് ഇനി വേണ്ടത്.
സെൻസസ് നടക്കാത്തതിനാൽ ജില്ലയിലെ വയോധികരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. 2011ലെ സെൻസസിലെ കണക്ക് പ്രകാരമാണ് ഇപ്പോൾ പ്രവർത്തനം.
അന്നുള്ള കണക്ക് പ്രകാരം 60,217 പുരുഷന്മാരും 68,342 സ്ത്രീകളുമാണ് ജില്ലയിൽ വയോധികരായി ഉള്ളത്. സെൻസസ് കഴിഞ്ഞ് ഒന്നര പതിറ്റാണ്ടോളം ആയതിനാൽ കണക്കിൽ വലിയ വ്യത്യാസമുണ്ടാകും. നിരവധി പേർ മരണപ്പെട്ടതിനൊപ്പം പുതുതായി വാർധക്യത്തിലേക്ക് എത്തിയതും ആയിരങ്ങളാണ്.
വയോധികർക്കായി നിരവധി പദ്ധതികളാണ് സാമൂഹിക നീതി വകുപ്പിന്റേതായി ഉള്ളത്.
മന്ദഹാസം (ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് കൃത്രിമ ദന്തനിര നൽകൽ), സ്വയംപ്രഭ ഹോം (മുതിർന്ന പൗരന്മാർക്കുള്ള പഞ്ചായത്തുതല സേവന കേന്ദ്രം), വയോമധുരം (ബി.പി.എൽ വിഭാഗത്തിലുള്ള വയോധികർക്ക് പ്രമേഹ പരിശോധനക്ക് ഗ്ലൂക്കോ മീറ്റർ, ടെസ്റ്റ് സ്ട്രിപ് എന്നിവ നൽകൽ), വയോരക്ഷ (മറ്റാരും സംരക്ഷിക്കാനില്ലാത്തവർക്ക് അടിയന്തര സഹായം ലഭ്യമാക്കൽ), വയോ അമൃതം (സർക്കാർ വൃദ്ധസദനത്തിലെ താമസക്കാർക്ക് സൗജന്യ ആയുർവേദ ചികിത്സ ലഭ്യമാക്കൽ), വയോമിത്രം (ജീവിതശൈലീ രോഗ പരിശോധനയും സൗജന്യ മരുന്നു വിതരണവും. നിലവിൽ മുനിസിപ്പൽ പ്രദേശങ്ങളിൽ മാത്രമാണിതുള്ളത്) തുടങ്ങിയ പദ്ധതികളാണുള്ളത്.
തൊടുപുഴ: അന്തേവാസികളുടെ ലക്ഷങ്ങൾ തട്ടിച്ച് മുങ്ങിയ വൃദ്ധസദനം നടത്തിപ്പുകാരനെതിരെ ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതർ റിപ്പോർട്ട് കൈമാറി. കലക്ടർ, സാമൂഹിക നീതി വകുപ്പ്, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവർക്കാണ് റിപ്പോർട്ട് കൈമാറിയത്. മുതലക്കോടത്തെ ‘എൽഡർ ഗാർഡൻ’ എന്ന വൃദ്ധസദനം സംബന്ധിച്ച് അന്വേഷിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അനധികൃതമായി വൃദ്ധസദനം നടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി അടക്കം കൈക്കൊള്ളണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വൃദ്ധസദനം നടത്തിപ്പുകാരൻ ജീവൻ തോമസ് അന്തേവാസികളുടെ ലക്ഷങ്ങൾ തട്ടിയെടുത്ത് അയർലൻഡിലേക്ക് മുങ്ങിയതോടെ അന്തേവാസികൾ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മാനസിക വെല്ലുവിളികൾ അനുഭവിക്കുന്നവർ അടക്കം ഏഴ് പേരാണ് ഇവിടെ കഴിയുന്നത്.
2.5 മുതൽ 13 ലക്ഷം രൂപ വരെ നൽകിയാണ് പലരും ഇവിടെ താമസിച്ചിരുന്നത്. ഈ പണവും അന്തേവാസികളിൽനിന്ന് കടമായി വാങ്ങിയ സ്വർണവും പണവും അടക്കം നൽകാതെയാണ് ജീവൻ വിദേശത്തേക്ക് കടന്നത്. ജീവൻ തോമസിനെതിരെ തൊടുപുഴ പൊലീസും കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.