തൊടുപുഴ: മുള്ളരിങ്ങാട് മേഖലയിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്ന വനാതിർത്തികളിൽ കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടികൾ ഊർജിതമാക്കി. വനാതിർത്തികളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽനിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ ധനവകുപ്പിൽനിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ഫണ്ട് അനുവദിക്കാനുള്ള പദ്ധതി നിർദേശം കലക്ടർക്ക് നൽകിയിട്ടുണ്ടെന്നും പി.ജെ. ജേസഫ് പറഞ്ഞു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ മുള്ളരിങ്ങാട് റേഞ്ച് പരിധിയിൽ വരുന്ന ജനവാസ മേഖലയിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ചുള്ളിക്കണ്ടം മുതൽ എടത്തന വരെ 9.2 കി.മീറ്റർ ഫെൻസിങ് നിർമിക്കാനും പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അമൽത്തൊട്ടി ഭാഗത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കാനുമുള്ള പ്രൊപ്പോസൽ തയാറാക്കി വിഷനൽ ഫോറസ്റ്റ് ഓഫിസർ കലക്ടർക്ക് നൽകിയതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇഞ്ചിപ്പാറ മുതൽ ചുള്ളിക്കണ്ടം വരെ അഞ്ച് കിലോമീറ്റർ വരെ സോളാർ ഹാങ്ങിങ് ഫെൻസിങ് നിർമാണം പൂർത്തീകരിച്ചതായി വനം വകുപ്പ് വ്യക്തമാക്കി. ഇതു കൂടാതെ ചുള്ളിക്കണ്ടം സെക്ഷൻ പരിധിയിൽ എൻ.എൽ.പി സ്കൂൾ ഭാഗത്തും അമൽത്തൊട്ടി ഭാഗത്തും വിവിധ ഏജൻസികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ലഭ്യമാക്കി എ.ഐ ഫെൻസിങ് നിർമിക്കാനും ശ്രമം നടത്തി വരുകയാണ്.
കാട്ടാനകൾ പതിവായി ഇറങ്ങുന്ന മുള്ളരിങ്ങാട് ചുള്ളിക്കണ്ടം വനമേഖല
വണ്ണപ്പുറം പഞ്ചായത്തിലെ ചുള്ളിക്കണ്ടം ഫോറസ്റ്റ് ഡിവിഷനോട് ചേർന്നുകിടക്കുന്ന മലയോര മേഖലയാണ് മുള്ളരിങ്ങാട്. വേനൽക്കാലങ്ങളിലാണ് ആനകളുടെ കാടിറക്കം രൂക്ഷമാവുന്നത്. ആദ്യമൊക്കെ രാത്രികാലങ്ങളിലായിരുന്നു ആനകളുടെ വരവെങ്കിൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും വരാമെന്ന നിലയിലാണ്. ആനകളുടെ വരവ് വർധിച്ചതോടെ നാട്ടുകാർ രാത്രി തീകൂട്ടി കാവലിരിക്കുകയാണിപ്പോൾ.
അതിനിടയിലായാണ് ഡിസംബർ 29ന് വൈകീട്ട് മേയാൻ പോയ പശുവിനെ അഴിക്കാൻ വീടിനടുത്തുള്ള തേക്കിൻ കൂപ്പിലേക്ക് പോയ മുള്ളരിങ്ങാട് അമയൽത്തൊട്ടി പാലിയത്ത് വീട്ടിൽ ഇബ്രാഹിം-ജമീല ദമ്പതികളുടെ മകൻ അമർ ഇബ്രാഹിമിനെ (23) കാട്ടാന ആക്രമിച്ചു കൊന്നത്. അമർ ഇബ്രാഹിമിന്റെ മരണത്തിനു ശേഷം ആനകൾ കാടിറങ്ങാതിരിക്കാൻ വനംവകുപ്പ് കാടിനോട് ചേർന്ന് വൈദ്യുതി ഫെൻസിങ് ശക്തമാക്കിയിട്ടുണ്ട്. എന്നാലും, ആനകൾ വേലിക്കപ്പുറം വന്ന് നാട്ടുകാർക്ക് ഭീഷണി ഉയർത്തുകയാണ്.
വനമേഖലയെ പകുത്തവണ് മുള്ളരിങ്ങാട്-കവളങ്ങാട് റോഡ് പോകുന്നത്. കോതമംലത്തേക്കുള്ള പാതയാണിത്. ഈ പാതയുടെ പലയിടങ്ങളിലും ആനത്താരകളുണ്ട്. ഇതാണ് പ്രദേശത്തെ കാട്ടാന ശല്യത്തിന്റെ പ്രധാന കാരണം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം യോഗം വിളിച്ച് നടപടികൾ ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.