ജലനിരപ്പ് ഉയർന്ന ഇടുക്കി ജലാശയം മഞ്ഞിെൻറ പശ്ചാത്തലത്തിൽ. ജലനിരപ്പ് ഒന്നര അടി കൂടി ഉയർന്നാൽ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും
തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ബ്ലൂ അലർട്ടിനരികെയെത്തി. 2373.96 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 67.86 ശതമാനമാണിത്. ഒന്നരയടി കൂടി ജലനിരപ്പുയർന്നാൽ ബ്ലൂ അലർട്ട് ലെവലായ 2375.53ലെത്തും.
2381.53 അടിയെത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 74.6 മില്ലി മീറ്റർ മഴയാണ് പെയ്തത്. 33.117 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിലും അതിവേഗം ജലനിരപ്പ് ഉയരുകയാണ്. 134.75 അടിയാണ് നിലവിലെ ജലനിരപ്പ്. 137.75 അടിയാണ് നിലവിലെ റൂൾലെവൽ. സെക്കൻഡിൽ 2514 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടി ജലം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാൽ, വൈഗ അണക്കെട്ട് പൂർണസംഭരണശേഷിയിലേക്ക് എത്തുകയാണ്. 71 അടി പരമാവധി സംഭരണശേഷിയുള്ള വൈഗയിലെ ജലനിരപ്പ് ഇപ്പോൾ 69 അടിയാണ്.
സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഏഴ് ഡാമുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ അണക്കെട്ടുകളിലാണ് റെഡ് അലർട്ടുള്ളത്. ഇതിൽ ഇരട്ടയാർ ഒഴിച്ച് ബാക്കിയുള്ള ഡാമുകളുടെ ഷട്ടർ തുറന്ന് ജലമൊഴുക്കുന്നുണ്ട്. ആനയിറങ്കൽ, മാട്ടുപ്പെട്ടി, ചെങ്കുളം ഡാമുകളിലെ ജലനിരപ്പ് ബ്ലൂ അലർട്ടിനടുത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.