ചെറുതോണി: അധികൃതർ അവഗണിച്ച റോഡ് പ്രദേശവാസികൾ ഒത്തുചേർന്ന് ആദ്യഘട്ട നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു.വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി-കുട്ടപ്പൻസിറ്റി ആനക്കൊമ്പൻ റോഡാണ് ജനകീയ സമിതി രൂപവത്കരിച്ച് നാട്ടുകാർ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയത്.
2018ലെ പ്രളയത്തിൽ ഭവനരഹിതരായവരെ കുടിയിരുത്തിയത് മണിയാറൻകുടിയിലെ ആനക്കൊമ്പനിലായിരുന്നു. 15 കുടുംബങ്ങളെയാണ് അവികസിത പ്രദേശത്ത് അധികൃതർ കുടിയിരുത്തിയത്. എസ്.സി, എസ്.ടി വിഭാഗത്തിൽപെടുന്ന ആൾക്കാർ ഉൾപ്പെടെയുള്ള കുടുംബങ്ങൾവഴി സൗകര്യം പോലുമില്ലാതെ ദുരിതം അനുഭവിച്ചപ്പോൾ നാട്ടുകാർ ഒത്തുചേർന്ന് ജനകീയ സമിതി രൂപവത്കരിച്ച് റോഡ് നിർമിക്കുകയായിരുന്നു.
ജില്ല ഭരണകൂടത്തിലും ത്രിതല പഞ്ചായത്തുകളിലും റോഡിന്റെ ആവശ്യത്തിനായി നിരവധി തവണ പ്രദേശവാസികൾ സമീപിച്ചെങ്കിലും ആരും ഇവരുടെ ആവശ്യം അംഗീകരിച്ചില്ല. ഒടുക്കം ജനകീയ സമിതി രൂപവത്കരിച്ച് പൊതുപ്രവർത്തകനായ സിബി തകരപ്പിള്ളിയുടെ നേതൃത്വത്തിൽ തന്നെയാണ് റോഡ് തുറന്നു നൽകിയത്.
കുടിവെള്ള സൗകര്യംപോലും ഇല്ലാതെയാണ് പ്രദേശവാസികൾ ഇവിടെ താമസിക്കുന്നത്. കുട്ടപ്പൻസിറ്റിയിൽനിന്ന് ആനക്കൊമ്പനിലേക്ക് ഈ പാത തുറന്നതോടെ അതിവേഗം മണിയാറൻകുടിയിൽനിന്ന് സമാന്തര ഹൈവേയിലേക്ക് എത്താൻ സാധിക്കും. ഇതിനിടെ സ്ഥിതിചെയ്യുന്ന പതിനഞ്ചോളം കോളനിവാസികൾക്കും മറ്റ് നാട്ടുകാർക്കും ഈ റോഡ് ഏറെ പ്രയോജനമാകും. ഇനിയെങ്കിലും ബന്ധപ്പെട്ടവർ ടാറിങ് ഉൾപ്പെടെ നിർമാണം നടത്തി നൽകാൻ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
ജനകീയ സമിതി കൺവീനർ രജൻ കൊടിഞ്ഞിയിൽ, സത്യൻ കുന്നത്ത്, ബാബു അറയ്ക്കൽ, ജോർജ് പുന്നപ്ലാക്കൽ, കുഞ്ഞപ്പൻ തണ്ടേൽ, ലിസി എബ്രയിൽ, റീന പള്ളിക്കുന്നേൽ, അമ്മിണി പാറേപറമ്പിൽ, തങ്കമ്മ പ്ലാമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.നാട്ടുകാർ ശ്രമദാനമായി നിർമിച്ച ആനക്കൊമ്പൻ-കുട്ടപ്പൻസിറ്റി റോഡിന്റെ ഉദ്ഘാടനം ജനകീയ സമിതി ചെയർമാൻ സിബി തകരപ്പിള്ളി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.