പത്തനംതിട്ട: പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരു ടേം പിന്നിടുമ്പോഴും ദിവസ വേതനത്തിന് പണിയെടുക്കുന്ന ഭൂരിപക്ഷം താത്കാലിക അധ്യാപകർക്കും ശമ്പളമായില്ല. സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് ശമ്പളം നൽകാൻ വഴി ഒരുങ്ങിയിട്ടുണ്ടെങ്കിലും എയ്ഡഡ് മേഖലയിലെ നിയമനം അംഗീകരിച്ച് ശമ്പളം ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിപ്പ് വേണ്ടിവരും. ഓണത്തിന് മുമ്പെങ്കിലും ശമ്പളം ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് അധ്യാപകർ.
കഴിഞ്ഞവർഷം ജില്ലയിൽ ഒട്ടുമിക്ക ഉപജില്ലകളിലും ഏറെ വൈകിയാണ് ശമ്പളം നൽകിയത്. ഡിസംബറിനുശേഷമാണ് പലർക്കും ശമ്പളം ലഭിച്ചുതുടങ്ങിയത്. സ്കൂൾ അടയ്ക്കുന്ന മാർച്ചിൽ ശമ്പളം ഒന്നിച്ചു വാങ്ങിയവരുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാനേജർമാർ നൽകുന്ന നിയമന ഉത്തരവ് അംഗീകരിച്ച് ശമ്പള ബില്ല് പാസാക്കാൻ പല വിദ്യാഭ്യാസ ജില്ല, ഉപജില്ല ഓഫിസുകളിലും കാലതാമസം ഉണ്ടാകുന്നുണ്ട്. എന്നാൽ തസ്തിക അംഗീകരിച്ചുനൽകിയ സ്കൂളുകളിൽ നിയമിച്ചിട്ടുള്ളവരുടെ ബില്ല് സമർപ്പിക്കാൻ പ്രഥമാധ്യാപകരോട് നിർദേശിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ ഓഫിസർമാർ പറയുന്നത്.
സംസ്ഥാനത്തുതന്നെ താത്കാലികാടിസ്ഥാനത്തിൽ ഏറ്റവുമധികം അധ്യാപകരെ നിയമിച്ചിട്ടുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. പതിറ്റാണ്ടുകളായി പത്തനംതിട്ട ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ ഓരോ കാരണങ്ങളുടെ പേരിൽ നിയമനങ്ങൾ തടയപ്പെടുകയാണ്. പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ കുറവുകാരണം പലയിടത്തും സ്ഥിരം തസ്തിക നഷ്ടപ്പെട്ടു. ഇത്തരം നിയമനങ്ങൾ താത്കാലികാടിസ്ഥാനത്തിലായി. തസ്തിക നിലവിലുണ്ടെങ്കിലും സ്ഥിരം നിയമനം തടഞ്ഞിട്ടുള്ള വിദ്യാലയങ്ങളുമുണ്ട്. ഭിന്നശേഷി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നതാണ് നിലവിൽ നിയമന തടസ്സത്തിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.