തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാർഥികൾ. ഈ മാസം മൂന്ന് മുതൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു. ജില്ലയിൽ തൊടുപുഴ, കട്ടപ്പന ജില്ല വിദ്യാഭ്യാസ ഓഫിസുകളുടെ കീഴിലായി ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലായി 11,229 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ 5,817 ആൺകുട്ടികളും 54,12 പെൺകുട്ടികളുമാണുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ഗവ. സ്കൂൾ കട്ടപ്പന ജില്ല വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരുന്ന കല്ലാർ ജി.എച്ച്.എസ്.എസും എയ്ഡഡ് സ്കൂൾ തൊടുപുഴ ജില്ല വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരുന്ന കരിമണ്ണൂർ എസ്.ജി.എച്ച്.എസ്.എസുമാണ്. കല്ലാർ സ്കൂളിൽ 329 കുട്ടികളും കരിമണ്ണൂരിൽ 347 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
ജില്ലയിൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്കൂൾ ജി.എച്ച്.എസ്.എസ് കുറ്റിപ്ലാങ്ങാടും എയ്ഡഡ് സ്കൂൾ എസ്.ജി.എച്ച്.എസ് മുക്കുളവുമാണ്. കുറ്റിപ്ലാങ്ങാട് സ്കൂളിൽ മൂന്നു പേർ പരീക്ഷ എഴുതുമ്പോൾ മുക്കുളത്ത് രണ്ടു പേർ മാത്രമാണ് പരീക്ഷ എഴുതുന്നത്. ജില്ലയിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്ന 1,547 കുട്ടികളും പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന 594 പേരും പരീക്ഷക്കിരിക്കുന്നുണ്ട്. 161 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. മാർച്ച് ആറു മുതൽ 29 വരെയാണ് പ്ലസ് വൺ പരീക്ഷ. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് ഇത്തവണ പരീക്ഷ എഴുതുന വിദ്യാർഥികളുടെ എണ്ണം. കഴിഞ്ഞ വർഷം 11,562 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. സ്കൂളുകൾ അധ്യയനവർഷം ആരംഭിച്ചത് മുതൽ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. രാവിലെയും വൈകുന്നേരവുമടക്കം സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ സ്കൂളുകളിൽ സജ്ജീകരിച്ചിരുന്നു. കൂടാതെ വദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷയെ അഭിമുഖീകരിക്കാൻ പ്രത്യേക ക്ലാസുകളും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം 99.79 ശതമാനമായിരുന്ന ജില്ലയുടെ വിജയം. ഇത്തവണ കൂടുതൽ മികച്ച വിജയം നേടാനുള്ള ഒരുക്കത്തിലാണ് സ്കൂളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.