മൂലമറ്റം: മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പതിപ്പള്ളിയിലെ മിനി സ്റ്റേഡിയം യാഥാർഥ്യമായില്ല. കായിക പരിശീലനത്തിന് സൗകര്യം ഇല്ലാത്തത് മൂലം ആദിവാസി മേഖലകളിൽ നിന്ന് കായിക പ്രതിഭകൾ ഉയർന്നു വരാനുള്ള സാഹചര്യം ഇല്ലാതാകുന്നു.
ആദിവാസി ഭൂരിപക്ഷ മേഖലയായ ഇവിടെ സൗജന്യമായി കിട്ടിയ ഭൂമിയിലാണ് അറക്കുളം പഞ്ചായത്ത് മിനി സ്റ്റേഡിയം പണിയാൻ നടപടി തുടങ്ങിയത്.
ഭൂമി നിരപ്പാക്കി അരിക് കെട്ടി. ഇതിനിടെ ഭൂമി സൗജന്യമായി നൽകിയ ഉടമകൾ മരിച്ചു. തുടർന്ന് ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ മക്കൾ എസ്.സി - എസ്.ടി കമീഷനെ സമീപിച്ചു. കമീഷൻ 2015ൽ പരാതിക്കാർക്ക് അനുകൂലമായി വിധിച്ചു. തുടർന്ന് പഞ്ചായത്ത് ഹൈകോടതിയെ സമീപിച്ചു.
എസ്.സി - എസ്.ടി കമീഷൻ തീരുമാനം 2017ൽ കോടതി സ്റ്റേചെയ്തു. എന്നാൽ, ഏഴു വർഷം കഴിഞ്ഞിട്ടും കേസിൽ തീരുമാനം ഇല്ല. പഞ്ചായത്ത് യഥാസമയം കോടതിയിൽ ഹാജരാകാത്തതും കൃത്യമായി രേഖകൾ സമർപ്പിക്കാത്തതും പ്രശ്നമാണ്.
ഊരുകൂട്ടങ്ങൾ സംയുക്ത പ്രമേയം പാസാക്കി പഞ്ചായത്തിന് സമർപ്പിച്ചിട്ടും അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ഊരു മൂപ്പൻമാരായ പി.ജി പദ്മദാസ്, എം.ആർ അശോക്, പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷൻ ജില്ല സെക്രട്ടറി പി.ടി.സാബു, ചെല്ലമ്മ ദാമോദരൻ എന്നിവർ പറയുന്നു. സ്റ്റേഡിയത്തിന്റെ സ്ഥലം കൈയേറിയവരെയും പഞ്ചായത്തിനെയും കക്ഷി ചേർത്ത് ഹൈകോടതിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.