തൊടുപുഴ: തോട്ടം മേഖലയിലെ കുട്ടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടി പദ്ധതി തയാറാകുനു. ജില്ല വികസന കമീഷണർ, ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരുടെ മേൽനേട്ടത്തിൽ ഇതുസംബന്ധിച്ച് പദ്ധതിയുടെ രൂപരേഖ തയാറാക്കി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണവും ഇതോടൊപ്പം ലക്ഷ്യമിടുന്നു.
ചെറിയ കുട്ടികൾക്ക് കാർട്ടൂൺ മൊഡ്യൂൾ തയാറാക്കി അവരെ ബോവത്കരിക്കുന്നതടക്കമുള്ള പരിപാടികളാണ് വിഭാവനം ചെയ്യുന്നത്. സമഗ്ര ശിക്ഷ കേരള, തൊഴിൽ വകുപ്പ്, പൊലീസ് തുടങ്ങിയ മറ്റു വകുപ്പുകളുടെകൂടി അഭിപ്രായങ്ങൾതേടി പദ്ധതിയുടെ തയാറാക്കിവരുകയാണെന്നും 30ന് ചേരുന്ന യോഗത്തിനുശേഷം അന്തിമ രൂപമാകുമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എം.യു. ഗീത പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
അന്തർസംസ്ഥാന കുട്ടികൾക്ക് സഹായകേന്ദ്രങ്ങൾ
അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ കൂടുതലായി അധിവസിക്കുന്ന സ്ഥലങ്ങളിൽ അവരുടെ കുട്ടികൾക്കായി സഹായകേന്ദ്രങ്ങൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച സ്ഥലങ്ങൾ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കണ്ടെത്തും. ഉത്തരേന്ത്യക്കാരാണ് തോട്ടങ്ങളിലെ തൊഴിലാളികളിലേറെയും. ഇവരുടെ കുട്ടികള്‍ പലരും പഠനം മുടങ്ങിയവരാണ്.
ഇവരെ ഒരുമിച്ചുകൂട്ടി പ്രശ്നങ്ങൾ, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കി പരിഹാരം കാണുകയാണ് ഇത്തരം സെൻററുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനായി തമിഴ് തൊഴിലാളികൾ അധിവസിക്കുന്ന മേഖലകളിൽ തമിഴിൽതന്നെ ലഘുലേഖകളടക്കം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. നേരത്തേ മലയാളത്തിലായിരുന്നു ലഘുലേഖകൾ. ഇത് ഈ കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാകുന്നതിനടക്കം പ്രയാസം ഉണ്ടാക്കിയിരുന്നു.
തോട്ടം മേഖലയിലെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതി തയാറാകുകയാണെന്നും ഇവരുടെ അടിസ്ഥാനസൗകര്യ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല വികസന കമീഷണര്‍ അര്ജുന് പാണ്ഡ്യന് 'മാധ്യമ'ത്തോട് പറഞ്ഞു. വിവിധ വകുപ്പുകളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണ്. വളരെ വേഗത്തിൽ പദ്ധതി തയാറാക്കി നടപ്പിൽവരുത്തുമെന്നും അർജുൻ പാണ്ഡ്യൻ പറഞ്ഞു.
പിള്ളപ്പുരകളും പരാതിപ്പെട്ടിയും
തോട്ടം മേഖല കേന്ദ്രീകരിച്ച് നേരത്തേ ഉണ്ടായിരുന്ന പിള്ളപ്പുരകൾ പുനഃസ്ഥാപിക്കാനും മേഖലയിലെ പ്രധാന ഇടങ്ങൾ കേന്ദ്രീകരിച്ച് പിള്ളപ്പുരകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. പല ലയങ്ങളിലും പകല്‍സമയങ്ങളില്‍ മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ കുട്ടികൾ വീട്ടില്‍ ഒറ്റക്കാണ്. തോട്ടം തൊഴിലാളികളുടെ മക്കളെ ജോലിസമയത്ത് നോക്കാന്‍ പ്രായമേറിയ സ്ത്രീകളെ ചുമതലപ്പെടുത്തി പിള്ളപ്പുരകൾ എന്നപേരില്‍ നേരത്തേ ലയങ്ങൾ കേന്ദ്രീകരിച്ച് സംവിധാനം ഒരുക്കിയിരുന്നു.
നടത്തിവന്നിരുന്ന സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചിക്കുന്നത്. തൊഴിലാളി ലയങ്ങളിൽ പലപ്പോഴും തൊഴിലാളികളുടെ മക്കളും അവരുടെ മക്കളും വരെ താമസിക്കുന്നുണ്ട്.
തോട്ടം മാനേജ്മെൻറുകളും അംഗൻവാടികളും വിവിധ വകുപ്പുകളുമായി ചർച്ച നടത്തിയാകും തീരുമാനം കൈക്കൊള്ളുക. ഇതോടൊപ്പം തന്നെ കുട്ടികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പ്രദേശങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നതും ആലോചനയുണ്ട്. പൊതുസ്ഥലങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലാകും ഇവ സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.