കുടയത്തൂർ: കഴിഞ്ഞ മഴക്കാലത്ത് ഇടുക്കി കുടയത്തൂരില്‍ അഞ്ചുപേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മാളിയേക്കല്‍ കോളനിവാസികളുടെ ആശങ്കക്ക് ഇനിയും പൂര്ണവിരാമമായില്ല. കോളനിവാസികളുടെ പേടിസ്വപ്നമായ കൂറ്റന്‍ പാറകളില്‍ പ്രധാനമായത് പൊട്ടിച്ചു നീക്കാത്തതാണ് ആശങ്കക്ക് കാരണം. ഒരു വര്‍ഷത്തിനുശേഷം അപകട ഭീഷണി ഉയര്‍ത്തുന്ന പാറകള്‍ പൊട്ടിക്കാന്‍ തുടങ്ങിയെങ്കിലും മഴ ശക്തമാകും മുമ്പ് ജോലികള്‍ തീര്ക്കാനാകുമോയെന്നതും ഇവരുടെ ഭയം ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് പുലര്‍ച്ചയാണ് നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.
ദുരന്തത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുടയത്തൂര്‍ മലയില്‍നിന്ന് പൊട്ടിയൊഴുകിയ ഉരുളാണ് പ്രദേശത്തെയാകെ ദുരിതത്തിലാഴ്ത്തിയത്. അന്ന് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിണ്ടുകീറിയ കൂറ്റന്‍ പാറകള്‍ പൂർണമായും പൊട്ടിച്ച് നീക്കാത്തതാണ് ഈ വര്‍ഷത്തെ മഴക്കാലം ആരംഭിച്ചതോടെ 70ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മാളിയേക്കല്‍ കോളനിവാസികളുടെ ഉറക്കം കെടുത്തുന്നത്.
കുന്നിന് ചരിവിലൂടെയെത്തി കോളനിക്ക് നടുവില്‍ കൂടിയൊഴുകുന്ന തോടിന്റെ ഏറ്റവും മുകളിലായാണ് ഏതുനിമിഷവും പതിക്കാവുന്ന വിധത്തില്‍ കൂറ്റന്‍ പാറക്കഷണങ്ങളിരിക്കുന്നത്. ഉരുളിനൊപ്പം ഇതേ പാറയുടെ ഒരു ഭാഗം കൂടി മരിച്ച കുടുംബം താമസിച്ചിരുന്ന വീടിനു മുകളിലേക്ക് പതിച്ചിരുന്നു. ഉരുള്പൊട്ടിയൊഴുകി എത്തിയ വലിയ പാറക്കല്ലുകളും നീക്കം ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.