തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമായി കുടുംബശ്രീ വനിതകൾ. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി 528 കുടുംബശ്രീ അംഗങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് പുറമെ എ.ഡി.എസ്, സി.ഡി.എസ് ഭാരവാഹികളും കുടുംബശ്രീ റിസോഴ്‌സ്പേഴ്‌സൻമാരും മത്സരരംഗത്തുണ്ട്. ആറ് സി.ഡി.എസ് ചെയർപേഴ്‌സൻമാരും മാറ്റുരക്കുന്നുണ്ട്.

വാഴത്തോപ്പ്, വണ്ടന്മേട്, രാജകുമാരി, വെള്ളിയാമറ്റം, കൊക്കയാർ, കുമളി എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയർപേഴ്‌സൻമാരാണ് മത്സരരംഗത്തുള്ളത്. ഹരിതകർമ സേനാംഗങ്ങൾ കൂടുതലായി മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വാർഡിലെ കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള അടുപ്പവും സ്വീകാര്യതയും വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

52 ഹരിതകർമ സേനാംഗങ്ങളും

52 ഹരിതകർമ സേനാംഗങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വനിത സംവരണ വാർഡുകളുടെ എണ്ണം വർധിച്ചതോടെയാണ് കുടുംബശ്രീ അംഗങ്ങൾ കൂടുതലായി തെരഞ്ഞെടുപ്പു രംഗത്തേക്ക് വന്നത്. വനിത വാർഡുകളിൽ മത്സരിക്കാൻ മുന്നണികൾ കൂടുതലായി കാണുന്നതും കുടുംബശ്രീ പ്രവർത്തകരെയാണ്. കുടുംബശ്രീയിൽനിന്ന് ലഭിച്ച പ്രവർത്തന പാരമ്പര്യവും ഇവരുടെ കൈമുതലാണ്. വാതിൽപടി മാലിന്യ ശേഖരണത്തിനായി വീടുകൾതോറും പോകുന്നത് വഴി അതത് പ്രദേശത്തെ ആളുകളുമായി ഇവർ വലിയ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതാണ് ശുചിത്വസേനയായ ഹരിതകർമസേനയിലെ അംഗങ്ങളെ സ്ഥാനാർഥികളാക്കാൻ രാഷ്ട്രീയ കക്ഷികളെ പ്രേരിപ്പിച്ചത്.

Tags:    
News Summary - kudumbasree members in to election campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.