തൊടുപുഴ: അറവുശാലയില്‍നിന്ന് ഉൾപ്പെടെ സകലമാലിന്യവും ആര്‍ക്കും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്നു ഒരുവര്‍ഷം മുമ്പ് കാഞ്ഞാറിലെ എം.വി.ഐ.പിവക ഒരേക്കറോളം ഭൂമി. പലരും കൈയേറി കൃഷിയും അനധികൃത നിര്‍മാണവുമെല്ലാം നടത്തിയിരുന്ന ആനക്കയം റോഡിലെ ഈ ഒരേക്കറോളം ഭൂമി ഇന്ന് മനോഹരമായൊരു പച്ചത്തുരുത്താണ്. ചെറുതും വലുതുമായ ആയിരത്തിലേറെ വൃക്ഷത്തൈകള്‍ പനപോലെ വളരുന്ന ചെറുവനം.
ഹരിതകേരളവും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിെൻറ തൊഴിലുറപ്പ് പദ്ധതിയുമൊത്ത് ചേര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 16നാണ് ഈ പച്ചത്തുരുത്ത് നാടിനു സമര്‍പ്പിച്ചത്. 250 വൃക്ഷത്തൈകളില്‍ തുടങ്ങിയ ഈ പച്ചത്തുരുത്തില്‍ ഇപ്പോള്‍ പുളിയും പ്ലാവും മാവും നെല്ലിയും അത്തിയും ആര്യവേപ്പും ഇത്തിയും മരുതും മഹാഗണിയും തുടങ്ങി 1400ഓളം ഇനങ്ങളുണ്ട്. പത്തടിയോളം വളർന്നിരിക്കുന്നു ഇവ. ചുറ്റിനും ചെമ്പരത്തിയും ഈറ്റയുമൊക്കെയൊരുക്കിയ മനോഹരമായ ജൈവവേലിയുമുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവയെ ഭദ്രമായി പരിപാലിക്കുന്നത്. മിക്കവാറും15 പേരുണ്ടാകും. സമീപത്തുനിന്നും സ്വന്തം വീടുകളില്‍നിന്നുമെല്ലാം ചാണകം കൊണ്ടുവന്ന് ഇവര്‍ വളമേകും. കാട് കയറാതെ ചെറിയ കളകള്‍പോലും നീക്കും. നിശ്ചിത ഇടവേളകളില്‍ മണ്ണ് കൂട്ടിക്കൊടുക്കും. ഈ ഭൂമി നേരേത്ത കൈയടക്കിെവച്ചിരുന്ന ചിലര്‍ ഈ തൊഴിലാളികളെ കൈയേറ്റത്തിനു മുതിര്‍ന്നിരുന്നു. എന്നാല്‍, നാട്ടുകാരും പഞ്ചായത്ത് പ്രസിഡൻറും രാഷ്ട്രീയ നേതാക്കളും ഇടപെട്ടതോടെ അത് അവസാനിച്ചു.
കാഞ്ഞാറിലെ പച്ചത്തുരുത്ത് വ്യാപിപ്പിക്കുന്നതിന് എം.വി.ഐ.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ അനുമതി ലഭിച്ചാലുടന്‍ വ്യാപനമുണ്ടാകും. പൂമാല ഗവ. സ്‌കൂള്‍, വെട്ടിമറ്റം ഗവ. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പുതിയ പച്ചത്തുരുത്തുകള്‍ രൂപപ്പെടുത്തുമെന്നും പ്രസിഡൻറ് ഷീബ രാജശേഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.