തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തൊടുപുഴക്കാരുടെ വോട്ട് മുന്നണി നോക്കിയല്ല. അതുകൊണ്ടാണല്ലോ മുന്നണി മാറി ഭാഗ്യം പരീക്ഷിക്കുേമ്പാഴും പി.ജെ. ജോസഫ് തന്നെ വിജയിക്കുന്നത്. മുന്നണി മാറി ജോസഫ് സ്ഥാനാർഥിയായപ്പോഴല്ലാതെ ഇടതുപക്ഷത്തിന് ഒരിക്കൽപോലും തൊടുപുഴ വഴങ്ങിയിട്ടില്ലെന്നതും ചരിത്രം. 1967ൽ ഇടതു പിന്തുണയുള്ള സ്വതന്ത്രൻ വിജയിച്ചതുമാത്രമാണ് അപവാദം.
ഒന്നൊഴികെ എല്ലാതവണയും വിജയിച്ച ചരിത്രമാണ് തൊടുപുഴയിൽ ജോസഫിേൻറത്. ജോസഫ് ഇടതുപക്ഷത്താകുകയും എതിർസ്ഥാനാർഥിയായി കോൺഗ്രസിൽനിന്ന് പി.ടി. തോമസ് വരുകയും ചെയ്തപ്പോഴാണ് ഒരു തവണ ജോസഫിന് പരാജയം രുചിക്കേണ്ടി വന്നത്.
തൊട്ടടുത്ത തവണ പി.ടി. തോമസിനെയും പരാജയപ്പെടുത്തി ജോസഫ് ആരംഭിച്ച ജൈത്രയാത്ര ഭൂരിപക്ഷം ഓരോതവണയും വർധിപ്പിച്ച് മുന്നേറുന്നതാണ് തൊടുപുഴയിലെ നിയമസഭ തെരഞ്ഞെടുപ്പ് ചിത്രം. ജോസഫ് യു.ഡി.എഫിൽ തിരിച്ചെത്തിയതോടെ പറ്റിയ എതിരാളിയെ കണ്ടെത്തുന്നതിൽപോലും വിഷമിക്കുന്ന കാഴ്ചയാണിവിടെ. കഴിഞ്ഞ തവണ ഇടതു വോട്ടുകൾവരെ ചോർത്തിയാണ് ജോസഫ് സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജേക്കബ് വിഭാഗം മുൻ ജില്ല പ്രസിഡൻറ് റോയി വാരികാട്ടായിരുന്നു മുഖ്യ എതിരാളി. ജോസഫിെൻറ ഭൂരിപക്ഷം ഇതോടെ 45,527 ആയി ഉയർന്നു. എൻ.ഡി.എ സ്ഥാനാർഥി അഡ്വ. എസ്. പ്രവീണും വീറോടെ രംഗത്തുണ്ടായിട്ടും ജോസഫ് വൻവിജയം നേടി.
തൊടുപുഴ നഗരസഭ, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കുമാരമംഗലം, ഉടുമ്പന്നൂർ, വണ്ണപ്പുറം, മുട്ടം, പുറപ്പുഴ, വെള്ളിയാമറ്റം, മണക്കാട്, കോടിക്കുളം, കരിങ്കുന്നം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തൊടുപുഴ മണ്ഡലം. കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫിെൻറ തട്ടകമെന്ന് നിസംശയം പറയാം. 1970 മുതൽ അദ്ദേഹം ഇവിടെ മത്സരിക്കുന്നു. മത്സരിക്കാതിരുന്ന 1991ലും എതിർസ്ഥാനാർഥി വിജയിച്ച 2001ലുമൊഴികെ എല്ലാത്തവണയും പി.ജെ തന്നെയായിരുന്നു വിജയി. ജോസഫ് സഭയിൽ എത്താതിരുന്ന രണ്ടു തവണയും കോൺഗ്രസിലെ പി.ടി. തോമസാണ് തൊടുപുഴയെ പ്രതിനിധാനം ചെയ്തത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും തൊടുപുഴ മണ്ഡലത്തിൽ യു.ഡി.എഫാണ് കൂടുതൽ പഞ്ചായത്തുകളും നേടിയത്. മണ്ഡലത്തിലെ 12 പഞ്ചായത്തിൽ ഒമ്പതും യു.ഡി.എഫിന് ലഭിച്ചു. തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളും ഇത്തവണ പിടിച്ചു. കോൺഗ്രസ് വിമതനെയും ലീഗ് സ്വതന്ത്രയെയും ചെയർമാനും വൈസ് ചെയർപേഴ്സനുമാക്കി സാങ്കേതികമായി തൊടുപുഴ നഗരസഭ പിടിച്ചതാണ് എൽ.ഡി.എഫ് നേട്ടം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും നഗരസഭയിലും യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. 1970ലും 1977ലും കേരള കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച പി.ജെ. ജോസഫ് തുടർന്ന് ആറുതവണ സ്വന്തം പേരിലെ കേരള കോൺഗ്രസ് സ്ഥാനാർഥിയായാണ് തൊടുപുഴയിൽനിന്ന് വിജയിച്ചത്. കഴിഞ്ഞ തവണ മാണി വിഭാഗം സ്ഥാനാർഥിയായിരുന്നു. ഇക്കുറി മത്സരിക്കുക ജോസഫ് വിഭാഗം സ്ഥാനാർഥിയായി.
2011ൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പി.എം. വേലായുധൻ 10,049 വോട്ടാണ് നേടിയത്. ആകെ പോൾ ചെയ്തതിെൻറ 7.87 ശതമാനമായിരുന്നു ഇത്. 2016ൽ എൻ.ഡി.എ ബാനറിൽ മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥി എസ്. പ്രവീൺ പേക്ഷ 28,845 വോട്ട് നേടി. 20.37 ശതമാനം വോട്ട്.ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ എൻ.ഡി.എക്ക് ലഭിച്ചത് 17,400 വോട്ട് മാത്രവും.2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിലാകെ എൻ.ഡി.എ സ്ഥാനാർഥിക്ക് 78,648 വോട്ടും ലഭിച്ചു.
തെരഞ്ഞെടുപ്പ് ചരിത്രം
1957 സി.എ. മാത്യു കോൺഗ്രസ് 10469
1960 സി.എ. മാത്യു കോൺഗ്രസ് 20257
1967 കെ.സി. സ്കറിയ സ്വതന്ത്രൻ 1494
1970 പി.ജെ. ജോസഫ് കേരള കോൺഗ്രസ് 1635
1977 പി.ജെ. ജോസഫ് കേരള കോൺഗ്രസ് 13908
1980 പി.ജെ. ജോസഫ് ജോസഫ് വിഭാഗം 10317
1982 പി.ജെ. ജോസഫ് ജോസഫ് വിഭാഗം 15738
1987 പി.ജെ ജോസഫ് ജോസഫ് വിഭാഗം 10252
1991 പി.ടി. തോമസ് കോൺഗ്രസ് 1092
1996 പി.ജെ. േജാസഫ് ജോസഫ് വിഭാഗം 4124
2001 പി.ടി തോമസ് കോൺഗ്രസ് 6125
2006 പി.ജെ. ജോസഫ് ജോസഫ് വിഭാഗം 13781
2011 പി.ജെ. ജോസഫ് കേരളകോൺഗ്രസ് എം 22868
2016 പി.ജെ. ജോസഫ് കേരള കോൺഗ്രസ് എം 45587
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.