മൂലമറ്റം: സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം ചെയ്യുന്ന മൂലമറ്റം വൈദ്യുതി നിലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അരനൂറ്റാണ്ടിന്റെ പഴക്കമുള്ള പഴയ ഒരു ഗോഡൗണിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
മാനത്ത് കാറുകണ്ടാൽ സ്റ്റേഷൻ കെട്ടിടത്തിൽ ഈർപ്പം പനിച്ചിറങ്ങും. ഈ കെട്ടിടത്തിൽ ഇനിയൊരു മഴക്കാലം കൂടി എങ്ങനെ കഴിച്ചുകൂട്ടുമെന്ന ചിന്തയിലാണ് ഉദ്യോഗസ്ഥർ. മാസങ്ങൾക്കു മുമ്പാണ് റവന്യു വകുപ്പ് സ്ഥലം അഗ്നിശമനസേനയുടെ പേരിൽ കൈമാറി നൽകിയത്. ഇതിനിടെ ഇവിടെ കെട്ടിടം നിർമിക്കാൻ അനുവദിച്ച 50 ലക്ഷം രൂപ ലാപ്സായി. തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി വിട്ടുനൽകിയ സ്ഥലത്തുള്ള പഴയ സ്റ്റോർ റൂം ചില്ലറ അറ്റകുറ്റപ്പണി നടത്തിയാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മഴയെത്തിയാൽ ഒരു തുള്ളി പോലും പുറത്തുപോകില്ല.
കമ്പ്യൂട്ടർ മുറിയും ജീവനക്കാരുടെ വിശ്രമമുറിയുമടക്കം എല്ലാ മുറികളിലും വെള്ളപ്പൊക്കമാകും. വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ മുറി, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. വലിയ ഹാളായതിനാൽ വായൂസഞ്ചാരവും കുറവാണ്. കനാൽ കരയിൽ കാടുകയറിയ സ്ഥലത്തിനു സമീപത്തായതിനാൽ ഇഴജന്തുക്കളും ആവശ്യത്തിനുണ്ട്.
ആകെയുള്ളത്
ഒരു ഫയർ എൻജിൻ,
ഒരു ആംബുലൻസ്, ഒരു ജീപ്പ്
പൊട്ടിത്തെറികൾ സംഭവിച്ചിട്ടുള്ളതും അതിന് ഏറെ സാധ്യതയുള്ളതുമായ ഈ പ്രദേശത്ത് സർവ സജ്ജീകരണങ്ങളോടെ ഫയർസ്റ്റേഷൻ ആവശ്യമാണ്. എന്നാൽ ഇവിടെ ആകെയുള്ളത് ഒരു ഫയർ എൻജിനും ഒരു ആംബുലൻസും ഒരു ജീപ്പും മാത്രമാണ്. പവർ ഹൗസ് സ്ഥിതി ചെയ്യുന്ന ഇവിടെ എമർജൻസി ടെണ്ടർ എന്ന സർവ സന്നാഹങ്ങളുമുള്ള വാഹനം അത്യാവശ്യമാണ്. എമർജൻസി ടെണ്ടർ എന്ന വാഹനത്തിൽ അപകടത്തിൽപെടുന്നവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കാൻ സഹായിക്കുന്നത് ഉൾപ്പടെയുള്ള ആധുനിക ഉപകരണങ്ങൾ വരെയുണ്ട്. 150ഓളം ആധുനിക ഉപകരണങ്ങൾ വരെ ഈ ഒറ്റ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതിനിലയങ്ങളിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനാവശ്യമായ ഒരു ഉപകരണവും ഇവിടെയില്ല. വൈദ്യുതോപകരണങ്ങൾക്കും ഓയിൽ പോലുള്ള വസ്തുക്കളിൽ തീപിടിത്തമുണ്ടായാൽ പ്രത്യേകതരം ഉപകരണങ്ങളാണ് തീകെടുത്താൻ ഉപയോഗിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ ബ്രീത്തിങ് അപ്പാരറ്റസ് പോലും വേണ്ടത്ര മൂലമറ്റം ഫയർസ്റ്റേഷനിൽ ഇല്ല. പവർഹൗസിലെ തീപിടിത്തത്തിൽ രണ്ട് യുവ എൻജിനീയർമാർ മരിച്ചതിനെ തുടർന്ന് അനുവദിച്ചതാണ് ഈ അഗ്നിശമനകേന്ദ്രം. പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇവിടേക്കാവശ്യമായ സെർച് ലൈറ്റ്, റബർ ഡിങ്കി (മുങ്ങലിന് സഹായിക്കുന്ന ഉപകരണം) ഓക്സിജൻ സിലിണ്ടർ, സ്കൂബാ സെറ്റ്, ബ്രീത്തിങ് ഉപകരണങ്ങൾ എന്നിവ പോലും ലഭിച്ചിട്ടില്ല.
ജലാശയത്തിൽ
അപകടങ്ങൾ ഏറെ
മലങ്കര ജലാശയത്തിൽ എല്ലാവർഷവും നിരവധി അപകടങ്ങളാണ് സംഭവിക്കാറുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി മരണങ്ങളാണ് ജലാശയത്തിൽ നടന്നിട്ടുള്ളത്. ഇവിടെ അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. റബർ ഡിങ്കിയും വേണ്ടത്ര മുങ്ങൾ ഉപകരണങ്ങളും സ്കൂബാ സെറ്റും ഇല്ലാത്തതിനാൽ അപകടങ്ങളിൽപെടുന്നവെരെ രക്ഷിക്കാൻ സാധിക്കാറില്ല. മറ്റ് സ്റ്റേഷനുകളിൽനിന്നു മുങ്ങൽ ഉപകരണങ്ങളും റബർ ഡിങ്കിയും മറ്റും എത്തിച്ച ശേഷമാണ് മൃതദേഹങൾ പുറത്തെടുക്കാറുള്ളത്.
നിലവിൽ മൂലമറ്റം ഫയർസ്റ്റേഷനിൽ ഉള്ളത് 4500 ലിറ്റർ ജലസംഭരണ ശേഷിയുള്ള ഒരു വലിയ ഫയർ എൻജിനാണ്. ഇത് മൂലം ഇടുങ്ങിയതും ഉയർന്ന പ്രദേശങ്ങളുമായ മേഖലകളിൽ എത്തിപ്പെടാനാകുന്നില്ല. മലകളും കുന്നുകളും താണ്ടി 4500 ലിറ്റർ ജലവുമായി തക്ക സമയത്ത് ഈ വാഹനം എത്തിപ്പെടുന്നില്ല. നിറയെ ജലം നിറച്ച വാഹനം മലഞ്ചെരുവുകളിലൂടെയും ഇടുങ്ങിയ പാതകളിലൂടെയും റോഡിൽനിന്ന് ഇറക്കി ഓടിക്കേണ്ടി വരുന്നത് വലിയ അപകടങ്ങൾ വരുത്തിവെക്കും. എടാട്, ഇലപ്പള്ളി, വാഗമൺ, അഞ്ചിരി, ആലക്കോട്, നാളിയാനി, പൂച്ചപ്ര, മേലുകാവ്, ഇടപ്പള്ളി തുടങ്ങിയ മേഖലകളിലാണ് നിരന്തരം തീപടർന്ന് പിടിക്കാറുള്ളത്. ഇവിടങ്ങളിൽ എത്തിപ്പെടാൻ ഏറെ സമയം വേണ്ടിവരുന്നുണ്ട്. ചെറു വാഹനം ആണെങ്കിൽ തക്ക സമയത്ത് എത്തി തീകെടുത്താൻ സാധിക്കും. 2700 ലിറ്റർ ശേഷിയുള്ള ചെറിയ വാഹനങ്ങൾ ഇടുക്കി, വയനാട് പോലുള്ള മലയോര ജില്ലകളിലേക്ക് നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. നിരന്തരം കാട്ടുതീ പടർന്ന് പിടിക്കുകയും ജലാശ അപകടങ്ങൾ നിരന്തരം ഉണ്ടാവുകയും ചെയ്യാറുള്ള മൂലമറ്റം ഫയർസ്റ്റേഷനിൽ ഡ്രൈവർ ഉൾപ്പടെ ഏഴ് ജീവനക്കാരുടെ കുറവുണ്ട്. ജീവനക്കാരുടെ കുറവ് മൂലം രാപകലില്ലാതെ അദ്ധ്വാനിക്കേണ്ടിവരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. 30 ജീവനക്കാരാണ് ആവശ്യമായിട്ടുള്ളത്. നിലവിൽ 23 പേർ മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.